22/07/2026
[fontresizer_tawhidurrahmandear_widget]

തിരുവല്ലത്ത് സുഹൃത്തുക്കള്‍ മരിച്ചത് ബൈക്ക് നിയന്ത്രണം വിട്ടല്ല; കാർ പിന്നിൽ ഇടിച്ച്, യുവാവ് അറസ്റ്റില്‍

 തിരുവല്ലത്ത് സുഹൃത്തുക്കള്‍ മരിച്ചത് ബൈക്ക് നിയന്ത്രണം വിട്ടല്ല; കാർ പിന്നിൽ ഇടിച്ച്, യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപം ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് സ്വയം ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതാണെന്ന പ്രാഥമിക നിഗമനമാണ് പൊലീസിന്റെ സമർത്ഥമായ അന്വേഷണത്തിൽ മാറിമറിഞ്ഞത്. ബൈക്കിന്റെ ഹാൻഡിലിൽ കണ്ടെത്തിയ മറ്റൊരു വാഹനത്തിന്റെ പെയിന്റാണ് കേസിൽ നിർണ്ണായക ട്വിസ്റ്റായത്. ബൈക്കിന് പിന്നിൽ കാറിടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് കാറോടിച്ചിരുന്ന മലയിൻകീഴ് സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബൈക്കിൽ ശക്തമായി ഇടിച്ച ശേഷം ഈ കാർ നിർത്താതെ പോവുകയായിരുന്നു. മലയിൻകീഴിലെ വീട്ടിൽ ഒളിപ്പിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. അപകടമുണ്ടാക്കി നിർത്താതെ പോയതാണെന്ന് പ്രതി വിഷ്ണു പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തിരുവല്ലം പൊലീസ് നടത്തിയ കൃത്യമായ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. എറണാകുളം സ്വദേശി നവീൻ സിബി (25), തൊടുപുഴ സ്വദേശിനി മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് ഈ ദാരുണ അപകടത്തിൽ മരണപ്പെട്ടത്.

സ്വയം നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ ബൈക്കിന്റെ ഹാൻഡിലിൽ മറ്റൊരു വാഹനത്തിന്റെ പെയിന്റ് എങ്ങനെ വന്നുവെന്ന തിരുവല്ലം പൊലീസിന്റെ സംശയമാണ് കേസ് തെളിയിക്കാൻ സഹായിച്ചത്. അപകടത്തിൽ മറ്റൊരു വാഹനം കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിൽ പൊലീസ് തിരുവല്ലം മുതൽ കോവളം വരെയുള്ള പാതയിലെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ഈ പരിശോധനയിലാണ് നവീനും മൃദുലയും സഞ്ചരിച്ച ബൈക്കിന് തൊട്ടുപിന്നാലെ ഒരു കാർ അതിവേഗത്തിൽ പോയതായി കണ്ടെത്തിയത്. ഈ കാറിന്റെ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനം ഓടിച്ചിരുന്നത് വിഷ്ണുവാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് തിരുവല്ലം പൊലീസ് മാറനല്ലൂരിലെ വീട്ടിലെത്തി വിഷ്ണുവിനെയും അപകടമുണ്ടാക്കിയ വാഹനത്തെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Also read: