22/07/2026
[fontresizer_tawhidurrahmandear_widget]

‘ഒരൊറ്റ അടിക്ക് തീർക്കാമായിരുന്നു, പക്ഷെ ചർച്ചയുള്ളതുകൊണ്ട് ചെയ്യുന്നില്ല’; ഖാംനഇയുടെ വിലാപയാത്രയ്ക്കിടെ പ്രകോപനവുമായി ട്രംപ്

 ‘ഒരൊറ്റ അടിക്ക് തീർക്കാമായിരുന്നു, പക്ഷെ ചർച്ചയുള്ളതുകൊണ്ട് ചെയ്യുന്നില്ല’; ഖാംനഇയുടെ വിലാപയാത്രയ്ക്കിടെ പ്രകോപനവുമായി ട്രംപ്

വാഷിങ്ടൺ: ഇറാൻ പരമാധികാര നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ പ്രകോപനപരമായ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ഉന്നത നേതാക്കളെല്ലാം ഒത്തുകൂടിയ സംസ്‌കാര ചടങ്ങ് വലിയൊരു “സൈനിക അവസരമായിരുന്നു” എന്ന് ട്രംപ് വിശേഷിപ്പിച്ചു. ‘ആക്സിയോസിന്’ നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ പരാമർശം. അമേരിക്ക വിചാരിച്ചിരുന്നെങ്കിൽ ഇറാന്റെ ഭരണനേതൃത്വത്തെ മുഴുവൻ അവിടെവെച്ച് ലക്ഷ്യമിടാമായിരുന്നുവെന്നും, എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ പരിഗണിച്ചാണ് അതിന് മുതിരാത്തതെന്നും ട്രംപ് അവകാശപ്പെട്ടു.

“ഇറാൻ നേതാക്കൾ എല്ലാവരും അവിടെയുണ്ട്. ഒരൊറ്റ ഷോട്ട്, അവരെയെല്ലാം നമുക്ക് ഒന്നിച്ച് ഇല്ലാതാക്കാമായിരുന്നു. എന്നാൽ നമ്മൾ അത് ചെയ്യില്ല, കാരണം അങ്ങനെ ചെയ്താൽ പിന്നീട് നമുക്ക് ചർച്ചകൾ നടത്താൻ അവിടെ ആരും അവശേഷിക്കില്ല”– ട്രംപ് പറഞ്ഞു. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വാഷിങ്ടണിലെ നാഷണൽ മാളിൽ നടന്ന ‘സല്യൂട്ട് ടു അമേരിക്ക’ ചടങ്ങിൽ സംസാരിക്കവെ, ഇറാനിലെ വിലാപയാത്ര പ്രമാണിച്ച് അവർക്ക് ‘ഒരു വാരത്തെ അവധി’ നൽകിയിരിക്കുകയാണെന്നും ട്രംപ് പരിഹസിച്ചു.

തെഹ്‌റാനിൽ ഖാംനഇയുടെ വിലാപയാത്രയിൽ പങ്കെടുത്ത ലക്ഷക്കണക്കിന് ജനങ്ങളുടെ കണ്ണീർ വ്യാജമായിരിക്കാമെന്നും, തങ്ങളുമായി ഒരു നയതന്ത്ര കരാറിലെത്താൻ ഇറാൻ ഇപ്പോൾ കടുത്ത സമ്മർദത്തിലാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. സംസ്‌കാര ചടങ്ങുകൾ അവസാനിക്കുന്നത് വരെ ഇരുപക്ഷവും ചർച്ചകൾക്ക് ഒരാഴ്ചത്തെ താൽക്കാലിക വിരാമം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഈ കാലയളവിൽ പരസ്പരം സൈനിക നടപടികൾക്ക് മുതിരില്ലെന്ന് ധാരണയായിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

Also read: