‘അനുമാനങ്ങളുടെ പേരിൽ വ്യാജ കേസ്’: ഡൽഹി മർകസ് സന്ദർശിച്ച മുസ്‌ലിം യുവാക്കൾക്കെതിരെ ചുമത്തിയ കോവിഡ് കേസ് ഹൈകോടതി റദ്ദാക്കി
ന്യൂഡൽഹി: തബ്ലീഗ് ആസ്ഥാനമായ ഡൽഹി നിസാമുദ്ദീൻ മർകസ് സന്ദർശിച്ചതിന്റെ പേരിൽ രണ്ട് മുസ്‌ലിം യുവാക്കൾക്കെതിരെ ചുമത്തിയ ക്രിമിനൽ കേസ് അലഹബാദ് ഹൈകോടതി റദ്ദാക്കി. ഊഹാപോഹങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിൽ ദുഷ്ടലാക്കോടെ രജിസ്റ്റർ ചെയ്ത വ്യാജ കേസാണിതെന്ന് ഹൈകോടതി നിരീക്ഷിച്ചു.
ഫൈസാനും മറ്റൊരു യുവാവും നൽകിയ ഹരജിയിൽ ജസ്റ്റിസ് ഡോ. ഗൗതം ചൗധരി ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിറക്കിയത്. ജൗൻപൂർ ഷാഹ്ഗഞ്ച് പൊലീസ് 2020 ഏപ്രിൽ രണ്ടിന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും ജൗൻപൂർ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലുള്ള കുറ്റപത്രവും തുടർനടപടികളുമാണ് ബിഎൻഎസ്എസ് 528-ാം വകുപ്പ് പ്രകാരം കോടതി റദ്ദാക്കിയത്.
2020 മാർച്ച് 24-ന് രാജ്യവ്യാപക ലോക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് നിസാമുദ്ദീൻ മർകസിലെ ചടങ്ങിൽ പങ്കെടുത്ത ഇരുവരും രോഗവ്യാപനത്തിന് ഇടയാക്കിയെന്ന് ആരോപിച്ചായിരുന്നു കേസ്. ഐപിസി 188, 269, 307 വകുപ്പുകൾ, ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയമം എന്നിവ പ്രകാരമായിരുന്നു പൊലീസ് നടപടി.
എന്നാൽ, പരിശോധനയിൽ യുവാക്കളുടെ കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നെന്നും രോഗം ബാധിച്ചിട്ടുണ്ടാകാമെന്ന കേവലം അനുമാനത്തിലാണ് എഫ്.ഐ.ആർ ഇട്ടതെന്നും വ്യക്തമാക്കിയ കോടതി, തുടർന്നുള്ള വിചാരണ നിയമനടപടികളുടെ ദുരുപയോഗമാണെന്ന് വ്യക്തമാക്കി. തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് വിദേശികളടക്കം 70 പേർക്കെതിരെ എടുത്ത 16 എഫ്.ഐ.ആറുകൾ ഡൽഹി ഹൈകോടതിയും നേരത്തെ റദ്ദാക്കിയിരുന്നു.