19/10/2026
[fontresizer_tawhidurrahmandear_widget]

ഓട്ടോ ഓടിച്ചു, പിസ്സ ഹട്ടിൽ ജോലി ചെയ്തു; ഇന്ന് 10,964 കോടിയുടെ വ്യവസായ സാമ്രാജ്യവുമായി കെപി ഗ്രൂപ്പ് ചെയർമാൻ ഡോ. ഫാറൂഖ് പട്ടേൽ

 ഓട്ടോ ഓടിച്ചു, പിസ്സ ഹട്ടിൽ ജോലി ചെയ്തു; ഇന്ന് 10,964 കോടിയുടെ വ്യവസായ സാമ്രാജ്യവുമായി കെപി ഗ്രൂപ്പ് ചെയർമാൻ ഡോ. ഫാറൂഖ് പട്ടേൽ

സൂറത്ത്: ജീവിത പ്രതിസന്ധികളോട് പൊരുതി, കൃത്യസമയത്തെ തീരുമാനങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും 10,964 കോടി രൂപ വിപണി മൂലധനമുള്ള വ്യവസായ ഗ്രൂപ്പ് കെട്ടിപ്പടുത്ത് മാതൃകയാവുകയാണ് ഡോ. ഫാറൂഖ് ജി. പട്ടേൽ. ഓട്ടോറിക്ഷ ഓടിച്ചും, ഒപ്റ്റിക്കൽ ഷോപ്പിലും പിസ്സ ഹട്ടിലും ജോലി ചെയ്തും ജീവിതം ആരംഭിച്ച അദ്ദേഹം, ഇന്ന് പ്രമുഖ പുനരുപയോഗ ഊർജ സ്ഥാപനമായ കെപി ഗ്രൂപ്പിന്റെ തലവനാണ്.

1972-ൽ ഗുജറാത്തിലെ സലാദ്ര ഗ്രാമത്തിൽ ബസ് കണ്ടക്ടറുടെ മകനായാണ് ഫാറൂഖ് പട്ടേലിന്റെ ജനനം. ചെറുപ്പത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പന്ത്രണ്ടാം ക്ലാസ് പഠനത്തിന് ശേഷം ഓട്ടോ ഓടിച്ചും ഒപ്റ്റിക്കൽ കടയിൽ ജോലി ചെയ്തുമാണ് അദ്ദേഹം വരുമാനം കണ്ടെത്തിയത്. പിന്നീട് 1991-ൽ യുകെയിലേക്ക് കുടിയേറി പിസ്സ ഹട്ടിൽ ജോലി നോക്കിയെങ്കിലും, സ്വന്തമായി ഒരു സംരംഭം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ 1993-ൽ ഇന്ത്യയിലേക്ക് തിരിച്ചെത്തി.

1994-ൽ വെറും ഒരു ലക്ഷം രൂപ മൂലധനത്തിൽ ഒരു ചെറിയ ഓഫീസിലാണ് അദ്ദേഹം ബിസിനസിന് തുടക്കമിട്ടത്. തൊഴിലാളികൾ എത്താത്ത സമയത്ത് സ്വയം ട്രക്ക് ഓടിച്ചും ഇഷ്ടികകൾ ചുമന്നും ബിസിനസിലെ കൃത്യനിഷ്ഠ അദ്ദേഹം ഉറപ്പുവരുത്തി. തുടക്കത്തിൽ ട്രക്ക് വിതരണത്തിലും പിന്നീട് ടെലികോം ടവർ ഇൻഫ്രാസ്ട്രക്ചറിലും സജീവമായ കെപി ഗ്രൂപ്പ്, 2ജി സ്പെക്ട്രം തകർച്ചയ്ക്ക് ശേഷം സൗരോർജ രംഗത്തേക്ക് ചുവടുമാറ്റി.

ആദ്യകാലത്ത് വലിയ വെല്ലുവിളികളും പരിഹാസങ്ങളും നേരിട്ടെങ്കിലും, 2008-ൽ കെപിഐ ഗ്രീൻ എനർജിയും 2010-ൽ കെപി എനർജിയും സ്ഥാപിച്ചുകൊണ്ട് പട്ടേൽ മുന്നേറി. 2026 ഓഗസ്റ്റിലെ കണക്കനുസരിച്ച്, കെപിഐ ഗ്രീൻ എനർജി, കെപി എനർജി, കെപി ഗ്രീൻ എഞ്ചിനീയറിങ് എന്നീ മൂന്ന് ലിസ്റ്റഡ് കമ്പനികളടങ്ങുന്ന കെപി ഗ്രൂപ്പിന്റെ മൊത്തം വിപണി മൂലധനം 10,964 കോടി രൂപയിലെത്തിനിൽക്കുന്നു. 2030-ഓടെ 10 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷി കൈവരിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം.

Also read: