രാഷ്ട്രപതി ഭവനിലേക്ക് മാർച്ചുമായി പ്രതിപക്ഷ എംപിമാർ, തടഞ്ഞ് പോലീസ്; കുത്തിയിരുന്ന് പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങളിലുള്ള ആശങ്ക അറിയിക്കുന്നതിനായി പാർലമെന്റിൽ നിന്ന് രാഷ്ട്രപതിഭവനിലേക്ക് ഇന്ത്യാസഖ്യം സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് വിജയ് ചൗക്കിൽ പോലീസ് തടഞ്ഞു. കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു എംപിമാരുടെയും പ്രമുഖ നേതാക്കളുടെയും പ്രതിഷേധ മാർച്ച്.
പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതോടെ പത്തുപേരടങ്ങുന്ന പ്രതിപക്ഷ നേതാക്കളുടെ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണാനും വോട്ട് ചോരി വിഷയം ഉന്നയിച്ചുള്ള നിവേദനം കൈമാറാനുമായി രാഷ്ട്രപതിഭവനിലേക്ക് പോയി. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ടിഎംസി നേതാവ് മമതാ ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, എസ്പി നേതാവ് രാജീവ് റായ്, എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെ, എൻസി നേതാവ് ഒമർ അബ്ദുള്ള, ആർജെഡി എംപി മനോജ് ഝാ, വിസികെ നേതാവ് തോൽ തിരുമാളവൻ എന്നിവരടങ്ങുന്ന സംഘമാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.
പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചേർന്ന ഇന്ത്യാസഖ്യ എംപിമാരുടെ യോഗത്തിന് ശേഷമാണ് നേതാക്കൾ പ്രതിഷേധ മാർച്ചിലേക്ക് കടന്നത്. നൂറ്റമ്പതോളം എംപിമാർ യോഗത്തിൽ പങ്കെടുത്തു. മാർച്ചിൽ പങ്കെടുത്ത 16 പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിൽ ഒപ്പുവെച്ചു. പ്രത്യേക തീവ്ര പുനപരിശോധന അഥവാ എസ്ഐആർ നടപടികൾ അടിയന്തരമായി അവസാനിപ്പിക്കുക, കരടുപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 13 കോടി വോട്ടർമാരെ തിരികെ ഉൾപ്പെടുത്തുക തുടങ്ങിയ പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങളാണ് പ്രതിപക്ഷം സമർപ്പിച്ച നിവേദനത്തിലുള്ളത്.
അതേസമയം, രാഷ്ട്രപതിഭവനിലേക്കുള്ള വിപുലമായ മാർച്ച് വിജയ് ചൗക്കിൽ വെച്ച് പോലീസ് തടഞ്ഞതിന് പിന്നാലെ റോഡിൽ കുത്തിയിരുന്ന് എംപിമാർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖ എംപിമാരാണ് കുത്തിയിരിപ്പ് സമരത്തിന് നേതൃത്വം നൽകിയത്.