‘ഞങ്ങളുടെ ബുർഖയിൽ അവർക്കെന്തിനാണ് പ്രശ്നം?’; ലേബർ റൂമിലെ ബുർഖ വിലക്കിൽ ജമ്മു കശ്മീരിൽ മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രതിഷേധം
ശ്രീനഗർ: ഗവൺമെന്റ് മെഡിക്കൽ കോളേജ് ദോഡയിൽ ബുർഖ ധരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥിനികളെ ലേബർ റൂമിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞ സംഭവത്തിൽ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധം. ഇന്റേൺ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോളേജ് അധികൃതർ പ്രത്യേക സമിതിയെ നിയോഗിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലേബർ റൂമിലെത്തിയ ചില വിദ്യാർത്ഥിനികളോട് പുറത്തുപോകാൻ വനിതാ പ്രൊഫസർ ആവശ്യപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണം. ബുർഖ ധരിക്കുന്നതിനെതിരെ പ്രൊഫസർ നിലപാടെടുത്തെന്നും ഇത് തങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള നടപടിയാണെന്നും വിദ്യാർത്ഥികൾ പരാതിപ്പെട്ടു. ലേബർ റൂമിൽ ബുർഖ അനുവദനീയമല്ലെങ്കിൽ നീണ്ട നഖങ്ങൾ ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങളിലും സമാനമായ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന് ആരോപണങ്ങളുടെ യാഥാർത്ഥ്യം പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി.
സംഭവത്തിൽ ദോഡ എംഎൽഎ മെഹ്റാജ് മാലിക്, ആരോഗ്യ മന്ത്രി സക്കീന ഇത്തുവുമായി വിഷയം സംസാരിച്ചു. സംഭവം വേഗത്തിൽ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.