19/10/2026
[fontresizer_tawhidurrahmandear_widget]

’38 ലക്ഷത്തിലധികം പേർ പുറത്ത്, ഇത്രയും ആളുകളെ അന്യഗ്രഹത്തിലേക്കാണോ മാറ്റിയത്?’; എസ്‌ഐആറില്‍ ചോദ്യവുമായി പ്രകാശ് രാജ്

 ’38 ലക്ഷത്തിലധികം പേർ പുറത്ത്, ഇത്രയും ആളുകളെ അന്യഗ്രഹത്തിലേക്കാണോ മാറ്റിയത്?’; എസ്‌ഐആറില്‍ ചോദ്യവുമായി പ്രകാശ് രാജ്

പ്രകാശ് രാജ്

എസ്.ഐ.ആറിന്റെ മറവിൽ കർണാടകയിൽ നിരവധി പേരെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയെന്ന് നടൻ പ്രകാശ് രാജ്. ഇത്രയും ആളുകളെ അന്യഗ്രഹങ്ങളിലേക്ക് ആണോ മാറ്റിയതെന്നും അദ്ദേഹം ചോദിച്ചു.

‘കർണാടകയിലെ 23 ജില്ലകളിൽ ഞാൻ സഞ്ചരിച്ചു. ട്രാൻസ്ജെൻഡേഴ്‌സ് മുതൽ 73 വയസ് പ്രായമായവർ വരെ പട്ടികയ്ക്ക് പുറത്തായതായി കണ്ടെത്തി. ആളുകളെ വോട്ടർ പട്ടികയിൽ ചേർക്കേണ്ടവർ തന്നെയാണ് അവരെ പുറത്താക്കുന്നത്,’ എന്നും പ്രകാശ് രാജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കേരളത്തിലുള്ളവർക്കാണ് കൂടുതൽ അറിയുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തിൽ ഗൂഢാലോചനയുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.

2025 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. തുടർന്ന് ആറുമാസത്തിനുശേഷം തിടുക്കപ്പെട്ട് എസ്.ഐ.ആർ നടപ്പാക്കിയത് എന്തിനാണ്? ലക്ഷക്കണക്കിന് വോട്ടുകൾ ഡിലീറ്റ് ചെയ്യപ്പെട്ടു. ബീഹാറിൽ നിന്ന് മാത്രം ലക്ഷങ്ങൾ പുറത്താകുന്നത് കണ്ടു. ബംഗാളിൽ ഒന്നരമാസം കൊണ്ട് കോടിക്കണക്കിന് വോട്ടുകളാണ് ഡിലീറ്റ് ചെയ്തതെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി.

38 ലക്ഷത്തിലധികം ആളുകളാണ് വോട്ടർ പട്ടികയിൽ നിന്നും അകാരണമായി പുറത്തായതെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കുന്ന നടപടിക്രമം മാറ്റിയത്? നിങ്ങൾക്ക് വേണ്ട വ്യക്തിയെ തെരഞ്ഞെടുക്കാനായിരുന്നോ? ജുഡീഷ്യൽ ഇമ്മ്യൂണിറ്റി നൽകിയത് എന്തിനാണെന്നും പ്രകാശ് രാജ് ചോദ്യമുയർത്തി.

ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടത് കൊണ്ടാണോ ഇങ്ങനെയൊരു സംരക്ഷണം നൽകിയത്? എന്തിനാണ് ഗ്യാനേഷ് കുമാറിനെ സംശയിക്കുന്നത്? എന്തുകൊണ്ടെന്നാൽ അയാളെ നിയമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമാണ്.

എസ്.ഐ.ആറിൽ അഞ്ജലി ഭരദ്വാജ് ഒരു വിവരാവകാശ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

Also read: