04/03/2026
[fontresizer_tawhidurrahmandear_widget]

യു.പിയിൽ മൺപാത്ര നിർമാണ തൊഴിലാളിക്ക് 1.25 കോടിയുടെ ജിഎസ്ടി നോട്ടീസ്; പിഴ ലഭിച്ചത് റായ്ബറേലി സ്വദേശി മുഹമ്മദ് ഷാഹിദിന്

 യു.പിയിൽ മൺപാത്ര നിർമാണ തൊഴിലാളിക്ക് 1.25 കോടിയുടെ ജിഎസ്ടി നോട്ടീസ്; പിഴ ലഭിച്ചത് റായ്ബറേലി സ്വദേശി മുഹമ്മദ് ഷാഹിദിന്

മുഹമ്മദ് ഷാഹിദും ഭാര്യയും തങ്ങളുടെ വീടിനു മുന്നില്‍

റായ്ബറേലി: ഉത്തർപ്രദേശിൽ നിത്യവൃത്തിക്കായി മൺപാത്രങ്ങൾ നിർമിച്ചു വിൽക്കുന്ന തൊഴിലാളിക്ക് കോടിയുടെ ജിഎസ്ടി നോട്ടീസ്. റായ്ബറേലി രഘുവർഗഞ്ച് ബസാർ സ്വദേശി മുഹമ്മദ് ഷാഹിദിനാണ് (മുഹമ്മദ് ഷാഹിദ് കുംഹാർ) 1..25 കോടി രൂപയുടെ നോട്ടീസ് ലഭിച്ചത്. തൊഴിലാളിയുടെ തിരിച്ചറിയൽ രേഖകൾ കൈക്കലാക്കി തട്ടിപ്പ് സംഘം വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്തതാണ് ഇത്രയും വലിയ ബാധ്യതയ്ക്ക് കാരണമായതെന്നാണു സൂചന.

തലമുറകളായി മൺപാത്ര നിർമാണം കുലത്തൊഴിലായി സ്വീകരിച്ച കുടുംബമാണ് ഷാഹിദിന്റേത്. മൺകൂജകൾ(കുൽഹാർ), മൺപാത്രങ്ങൾ, ചെറിയ കളിപ്പാട്ടങ്ങൾ, ചെരാതുകൾ എന്നിവ കൈകൊണ്ട് നിർമിച്ച് വിറ്റാണ് ഇദ്ദേഹം കുടുംബം പുലർത്തുന്നത്. സ്വന്തമായി ബിസിനസ് സ്ഥാപനങ്ങളോ ഫാക്ടറികളോ പങ്കാളിത്ത സ്ഥാപനങ്ങളോ ഇല്ലാത്ത ഷാഹിദിന്, കഴിഞ്ഞ ഫെബ്രുവരി 16-നാണ് ബിഹാറിലെ ഹാജിപൂർ വൈശാലി റീജിയണിലുള്ള സിജിഎസ്ടി ഓഫീസിൽനിന്ന് നോട്ടീസ് ലഭിക്കുന്നത്.

2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ ഷാഹിദ് 1,25,00,297 രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്നാണ് നോട്ടീസിലെ ആരോപണം. ബിഹാറിലെ സിവാനിൽ ഇദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ‘ഭാരത് എന്റർപ്രൈസസ്’ ഉൾപ്പെടെ ആറോളം സ്ഥാപനങ്ങൾ വഴിയാണ് ഈ ക്രമക്കേട് നടന്നിരിക്കുന്നത്.

നിരക്ഷരനായ ഷാഹിദിന് തപാൽ വഴി വന്ന നോട്ടീസിലെ ഗൗരവം ആദ്യം മനസ്സിലായിരുന്നില്ല. പിന്നീട് അയൽവാസികളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് താൻ 1.25 കോടി രൂപ നികുതി അടയ്ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ട വിവരം ഇദ്ദേഹം അറിയുന്നത്. ഇതോടെ ഷാഹിദും കുടുംബവും വലിയ മാനസിക സമ്മർദത്തിലായി.

തന്റെ ‘ഇതൊരു വലിയ ഗൂഢാലോചനയാണ്. തറവാട്ടു തൊഴിലല്ലാതെ എനിക്ക് മറ്റ് ബിസിനസുകളില്ല. എന്റെ പാൻ നമ്പർ ഇവർക്ക് എങ്ങനെ ലഭിച്ചു? എനിക്ക് കമ്പനികളോ പാർട്ണർമാരോ ഇല്ല,’ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഷാഹിദ് കണ്ണീരോടെ പറയുന്നു. വീട് വിറ്റാൽ പോലും തനിക്ക് ഈ തുക അടയ്ക്കാനാവില്ലെന്നും നീതി ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുകയല്ലാതെ വഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാജ ഇൻവോയ്സുകൾ നിർമിച്ച് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിയെടുക്കുന്ന മാഫിയകൾ ഉത്തരേന്ത്യയിൽ സജീവമാണ്. പാവപ്പെട്ടവരുടെയും സാങ്കേതിക സാക്ഷരത കുറഞ്ഞവരുടെയും രേഖകൾ ഇത്തരക്കാർ വ്യാപകമായി ദുരുപയോഗം ചെയ്യാറുണ്ട്. ജിഎസ്ടി രജിസ്‌ട്രേഷൻ നടപടികളിലെ അറിവില്ലായ്മയാണ് ഷാഹിദിനെപ്പോലെയുള്ള സാധാരണക്കാർ ഇത്തരം കെണികളിൽ അകപ്പെടാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അടിയന്തരമായി അന്വേഷണം നടത്തി തന്റെ പേരിലുള്ള വ്യാജ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നും തെറ്റായ നോട്ടീസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഷാഹിദ് ജില്ലാ ഭരണകൂടത്തെയും ജിഎസ്ടി വകുപ്പിനെയും സമീപിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ വിഷയത്തിൽ സർക്കാർ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ മൺപാത്ര നിർമാണ തൊഴിലാളി.

Also read: