04/03/2026
[fontresizer_tawhidurrahmandear_widget]

ഇറാനെ തൊടരുതെന്ന് കടുപ്പിച്ച് സ്‌പെയിൻ; വ്യോമതാവളങ്ങൾ കാലിയാക്കി യുഎസ് യുദ്ധവിമാനങ്ങൾ

 ഇറാനെ തൊടരുതെന്ന് കടുപ്പിച്ച് സ്‌പെയിൻ; വ്യോമതാവളങ്ങൾ കാലിയാക്കി യുഎസ് യുദ്ധവിമാനങ്ങൾ

മാഡ്രിഡ്: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നടപടികൾക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സ്‌പെയിൻ. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ കർക്കശമായ നിലപാടിനെത്തുടർന്ന്, സ്‌പെയിനിലെ റോത, മൊറോൺ സൈനിക താവളങ്ങളിൽനിന്ന് 15 അമേരിക്കൻ യുദ്ധവിമാനങ്ങൾ മറ്റു രാജ്യങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. ഗസ്സ യുദ്ധക്കാലം മുതൽ പെഡ്രോയും സ്‌പെയിനും തുടരുന്ന നിലപാട് ഒരിക്കൽകൂടി അരക്കിട്ടുറപ്പിക്കുന്നതാണു പുതിയ നീക്കങ്ങൾ.

സ്പാനിഷ് പരമാധികാരത്തിന് കീഴിലുള്ള സൈനിക താവളങ്ങൾ ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് ഉപയോഗിക്കരുതെന്ന് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് ഇതിനു പിന്നാലെ വ്യക്തമാക്കി. സ്‌പെയിനിലെ സൈനിക താവളങ്ങൾ അമേരിക്കയുമായി സംയുക്തമായാണ് പ്രവർത്തിക്കുന്നതെങ്കിലും അവ സ്പാനിഷ് പരമാധികാരത്തിന് കീഴിലാണെന്ന് അൽബാരസ് ഓർമിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന് നിരക്കാത്തതോ അമേരിക്കയുമായുള്ള ഉഭയകക്ഷി കരാറിൽ ഇല്ലാത്തതോ ആയ ഒരു കാര്യത്തിനും തങ്ങളുടെ താവളങ്ങൾ വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം ടെലിസിൻകോ ചാനലിനോട് പറഞ്ഞു.

ഇതോടെ, ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന ബോയിങ് കെസി-135 സ്ട്രാറ്റോടാങ്കറുകൾ ഉൾപ്പെടെയുള്ള ഒൻപത് വിമാനങ്ങൾ ജർമനിയിലെ റാംസ്റ്റീൻ എയർ ബേസിലേക്ക് മാറ്റി. മറ്റ് നാലു വിമാനങ്ങൾ ഫ്രാൻസ് ലക്ഷ്യമാക്കിയാണ് നീങ്ങിയതെന്ന് ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ്‌റഡാർ24 പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നു. രണ്ടു വിമാനങ്ങൾ താവളത്തിൽനിന്നു പറന്നുയർന്നെങ്കിലും എങ്ങോട്ടേക്കാണു പോയതെന്നു വ്യക്തമല്ല. ശനിയാഴ്ച ഇറാനെതിരെ യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണം തുടങ്ങിയതിന് പിന്നാലെയാണ് സ്‌പെയിനിൽനിന്ന് അമേരിക്കൻ വിമാനങ്ങൾ മാറ്റിയത്.

അതേസമയം, തുടക്കത്തിൽ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നിഷേധിച്ച ബ്രിട്ടൻ, പിന്നീട് നിലപാട് മാറ്റി അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ‘കൂട്ടുത്തരവാദിത്തമുള്ള പ്രതിരോധം’ എന്ന പേരിൽ തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയപ്പോൾ, സ്‌പെയിൻ തങ്ങളുടെ ശക്തമായ വിയോജിപ്പിൽ ഉറച്ചുനിന്നു.

അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണങ്ങളെ സ്‌പെയിൻ ശക്തമായി അപലപിച്ചിരുന്നു. നേരത്തെ, ഇസ്രയേലിനെതിരെയും ശക്തമായി രംഗത്തെത്തിയ രാജ്യമാണ് സ്പെയിന്‍. യൂറോപ്യന്‍ യൂനിയനിലെ ഉപരോധ നീക്കങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് അവരായിരുന്നു. കഴിഞ്ഞ വര്‍ഷം ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കിയതും വലിയ ശ്രദ്ധ നേടിയിരുന്നു. യൂറോപ്യൻ യൂണിയനിൽ യുഎസ്-ഇസ്രയേല്‍ നിലപാടിനെ പരസ്യമായി വെല്ലുവിളിക്കുന്ന ഏക രാജ്യമായി സ്‌പെയിൻ മാറിയത് ഇവരുമായുള്ള നയതന്ത്ര ബന്ധത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ നടന്ന ഡ്രോൺ ആക്രമണവും ആറ് യുഎസ് സൈനികർ കൊല്ലപ്പെട്ടതും മേഖലയിൽ യുദ്ധം രൂക്ഷമാക്കിയിരിക്കുകയാണ്. യുദ്ധം ഉടൻ അവസാനിക്കുമെന്ന് നെതന്യാഹു അവകാശപ്പെടുമ്പോഴും, യൂറോപ്പിൽനിന്നുള്ള സ്‌പെയിനിന്റെ ഉൾപ്പെടെയുള്ള ശക്തമായ നിലപാടുകൾ അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.

Also read: