ഇറാനെതിരായ ആക്രമണത്തിന് ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന വാദം തള്ളി കേന്ദ്രം
ന്യൂഡൽഹി: ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി യുഎസ് ഇന്ത്യൻ തുറമുഖങ്ങളും നാവിക താവളങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഇന്ത്യ ഔദ്യോഗികമായി തള്ളി. മുൻ യുഎസ് ആർമി കേണൽ ഡഗ്ലസ് മക്ഗ്രെഗർ വൺ അമേരിക്ക ന്യൂസ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ ഉന്നയിച്ച അവകാശവാദങ്ങളാണ് വിദേശകാര്യ മന്ത്രാലയം (MEA) കർശനമായി നിഷേധിച്ചത്. ഇത്തരം വാർത്തകൾ തികച്ചും വ്യാജവും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതുമാണെന്നും മന്ത്രാലയം വ്യക്തമാക്കി. മക്ഗ്രെഗറുടെ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ പ്രസ്താവനകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം എക്സ്സിലൂടെ മുന്നറിയിപ്പ് നൽകി.
നിലവിൽ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ ഇന്ത്യ അഗാധമായ ആശങ്ക രേഖപ്പെടുത്തി. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് എല്ലാ കക്ഷികളും സംയമനം പാലിക്കാനും ഇന്ത്യ അഭ്യർത്ഥിച്ചു. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതോടെയാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. ഇതിന് തിരിച്ചടിയായി ഇസ്രയേലിനും ഗൾഫിലെ യുഎസ് താവളങ്ങൾക്കും നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് അമേരിക്കൻ അന്തർവാഹിനിയിൽ നിന്നുള്ള ടോർപ്പിഡോ ആക്രമണത്തിൽ ഇറാന്റെ ‘ഐറിസ് ദേന’ എന്ന യുദ്ധക്കപ്പൽ തകർന്നിരുന്നു. ഇന്ത്യയിലേക്ക് സൗഹൃദ സന്ദർശനത്തിനായി വരുന്നതിനിടെയായിരുന്നു ഈ ആക്രമണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ 6,000 അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. ഇറാനിൽ നിന്നുള്ള ഭീഷണി ഒഴിവാക്കാനാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അവകാശപ്പെട്ടു.