തടവുകാരോട് ക്രൂരമായ ലൈംഗിക അതിക്രമം: ഇസ്രയേലിനെയും റഷ്യയെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി യുഎൻ
ന്യൂയോർക്ക്: യുദ്ധ തടവുകാരോടും കസ്റ്റഡിയിലെടുത്ത സിവിലിയന്മാരോടും ക്രൂരമായ ലൈംഗിക അതിക്രമങ്ങൾ കാട്ടിയതിന് ഇസ്രയേലിനെയും റഷ്യയെയും ഐക്യരാഷ്ട്ര സംഘടന (യുഎൻ) ഔദ്യോഗിക കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. യുദ്ധമേഖലകളിൽ ലൈംഗിക അതിക്രമങ്ങൾക്ക് നേതൃത്വം നൽകുകയോ ഒത്താശ ചെയ്യുകയോ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇരുരാജ്യങ്ങളെയും ഉൾപ്പെടുത്തിയത്. യുഎൻ നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
സംഘർഷ ബാധിത പ്രദേശങ്ങളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് യുഎൻ രക്ഷാസമിതിക്ക് സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ഇരുരാജ്യങ്ങൾക്കുമെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളുള്ളത്. കഴിഞ്ഞ വർഷം തന്നെ ഇത്തരമൊരു നടപടിയെക്കുറിച്ച് ഇരുരാജ്യങ്ങൾക്കും യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു. ആഗോളതലത്തിൽ യുദ്ധമേഖലകളിലെ ലൈംഗിക അതിക്രമങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് 100 ശതമാനത്തിലധികം വർദ്ധിച്ചതായി റിപ്പോർട്ട് തയ്യാറാക്കിയ യുഎൻ പ്രത്യേക പ്രതിനിധി പ്രമീള പാറ്റൻ വ്യക്തമാക്കി.
പലസ്തീൻ മേഖലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ഇസ്രായേൽ സൈന്യം ലൈംഗിക അതിക്രമങ്ങൾ നടത്തിയെന്നും തടവറകളിലും ചോദ്യം ചെയ്യൽ കേന്ദ്രങ്ങളിലും ക്രൂരമായ ബലാത്സംഗങ്ങൾ, നഗ്നരാക്കിയുള്ള പീഡനങ്ങൾ എന്നിവ അരങ്ങേറിയെന്നും റിപ്പോർട്ടിലുണ്ട്. പല പീഡനങ്ങളും സൈനികർ ക്യാമറയിൽ പകർത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം യുക്രെയ്നിൽ റഷ്യൻ സൈന്യം 310 ലൈംഗിക അതിക്രമ കേസുകൾ നടത്തിയതായാണ് യുഎൻ സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗവും പുരുഷന്മാർക്ക് നേരെയായിരുന്നു. ഗുഹ്യഭാഗങ്ങളിൽ വൈദ്യുതാഘാതം ഏൽപ്പിക്കുക ഉൾപ്പെടെയുള്ള ക്രൂരമായ പീഡനമുറകളാണ് റഷ്യൻ സൈന്യം അവലംബിച്ചത്. വിവാദങ്ങൾ നിലനിൽക്കുമ്പോഴും ഇസ്രയേൽ ഉൾപ്പെടെയുള്ള എല്ലാ അംഗരാജ്യങ്ങൾക്കുമായി യുഎൻ സെക്രട്ടറി ജനറലിന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് യുഎൻ വക്താവ് സ്റ്റീഫൻ ഡുജാറിക് വ്യക്തമാക്കി.
എന്നാൽ നിലവിൽ കരിമ്പട്ടികയിലുള്ള ഹമാസ് എന്ന സംഘടനയുടെ അതേ തലത്തിൽ ജനാധിപത്യ രാജ്യമായ ഇസ്രായേലിനെ പ്രതിക്കൂട്ടിൽ നിർത്തിയത് കടുത്ത അനാദരവാണെന്ന് ഇസ്രയേൽ യുഎൻ അംബാസഡർ ഡാനി ഡാനൻ പറഞ്ഞു. ഇത് വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമായ തീരുമാനമാണെന്നും പുതിയൊരു സെക്രട്ടറി ജനറൽ വരുന്നത് വരെ അദ്ദേഹത്തിന്റെ ഓഫീസുമായുള്ള എല്ലാ ബന്ധങ്ങളും ഇസ്രായേൽ അവസാനിപ്പിക്കുകയാണെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം എക്സിൽ കുറിച്ചു. യുഎസിലെ യുഎൻ അംബാസഡർ മൈക്ക് വാൾട്സും ഇസ്രയേലിനെ പിന്തുണച്ച് രംഗത്തെത്തി. അതേസമയം യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ യുഎൻ നടപടിയെ സ്വാഗതം ചെയ്തു. ഈ പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് മേൽ യുഎൻ നേരിട്ട് ഉപരോധങ്ങൾ ഏർപ്പെടുത്തില്ലെങ്കിലും, ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിച്ഛായ നഷ്ടത്തിന് കാരണമാകും. കൂടാതെ ഈ പട്ടികയിൽ തുടരുന്ന രാജ്യങ്ങളെ യുഎന്നിന്റെ സമാധാന സംരക്ഷണ സേനകളിൽ പങ്കെടുപ്പിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും.