ഇറാനോട് യുദ്ധം ചെയ്യാൻ ഐഎസ് ഭീകരന്മാർ; ജയിലിൽ കഴിയുന്നവരെ തുറന്നുവിട്ട് രഹസ്യ ക്യാമ്പുകളിലേക്ക് മാറ്റുന്നതായി റിപ്പോർട്ട്
മോസ്‌കോ/തെഹ്റാൻ: ഇറാനെതിരെ പോരാടാൻ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്മാരെ രംഗത്തിറക്കാൻ പാശ്ചാത്യ ശക്തികൾ നീക്കം നടത്തുന്നതായി വമ്പൻ വെളിപ്പെടുത്തൽ. സിറിയയിലെ വിവിധ തടവറകളിൽ കഴിയുകയായിരുന്ന തീവ്രസംഘങ്ങളെ ദുരൂഹ സാഹചര്യത്തിൽ കൂട്ടത്തോടെ തുറന്നുവിട്ട്, ഇറാഖിലെ രഹസ്യ ക്യാമ്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ്എസ്ബിയുടെ മേധാവി അലക്‌സാണ്ടർ ബോർട്‌നികോവ് വെളിപ്പെടുത്തി. റഷ്യയിലെ ഇർകുട്‌സ്‌ക് മേഖലയിൽ നടന്ന ഒമ്പത് മധ്യേഷ്യൻ രാജ്യങ്ങളുടെ സുരക്ഷാ മേധാവിമാരുടെ കൗൺസിൽ യോഗത്തിലാണ്(സിഐഎസ്) ഈ വിവരങ്ങൾ റഷ്യൻ ഇന്റലിജൻസ് ഔദ്യോഗികമായി പുറത്തുവിട്ടത്.
റഷ്യൻ മാധ്യമമായ ‘ആർ.ടി’ ആണു വെളിപ്പെടുത്തലിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയും ഇസ്രയേലും ഇറാനുമായി നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇറാന്റെ ഉള്ളിൽ വലിയ തോതിൽ അട്ടിമറി പ്രവർത്തനങ്ങളും ഭീകരാക്രമണങ്ങളും നടത്തി രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണു വിവരം. പാശ്ചാത്യ ചാരസംഘടനകളാണ് ഈ ദൗത്യത്തിനു നേതൃത്വം നൽകുന്നതെന്ന് ബോർട്‌നികോവ് വെളിപ്പെടുത്തുന്നു.
സിറിയൻ തടവറകളിൽനിന്ന് മോചിപ്പിക്കപ്പെടുന്ന ഭീകരരെ ഇറാഖിലെ പ്രത്യേക ക്യാമ്പുകളിലെത്തിച്ച് പുത്തൻ ആയുധങ്ങളും ഫണ്ടും നൽകുകയാണ് ലക്ഷ്യം. പാശ്ചാത്യ സഖ്യകക്ഷികളുടെ ഇന്റലിജൻസ് ഏജൻസികളുടെ സംരക്ഷണത്തിലുണ്ടായിരുന്ന സമാനമായ ഇറാഖി ജയിൽ സമുച്ചയങ്ങളിൽനിന്നാണ് പണ്ട് ഇസ്ലാമിക് സ്റ്റേറ്റിന്റെ ചരിത്രം തന്നെ ആരംഭിച്ചതെന്ന് റഷ്യൻ സുരക്ഷാ മേധാവി പ്രത്യേകം ഓർമിപ്പിച്ചു. ഇറാൻ സംഘർഷത്തിലേക്ക് കൂടുതൽ കക്ഷികൾ വലിച്ചിഴയ്ക്കപ്പെടുന്നത് ഒടുവിൽ ഇസ്ലാമിക ലോകത്തെയാകെ അസ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകരരുടെ റിക്രൂട്ട്മെന്റും വിന്യാസവും
സിറിയൻ മണ്ണിൽ തടവിലാക്കപ്പെട്ടിരിക്കുന്നതും ഒളിവിൽ കഴിയുന്നതുമായ ഐഎസ് ഭീകരരെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളെയും ഒന്നിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇവരെ കൃത്യമായി ആയുധമണിയിച്ച് ഇറാന്റെ അതിർത്തികളിലേക്കും തന്ത്രപ്രധാന മേഖലകളിലേക്കും അയക്കാനാണ് ചില പാശ്ചാത്യ ഇന്റലിജൻസ് ഏജൻസികൾ ശ്രമിക്കുന്നതെന്ന് ബോർട്‌നികോവ് ആരോപിച്ചു. ഇറാന്റെ പ്രതിരോധത്തെ അകത്തുനിന്നു തകർക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
സിറിയയിൽ റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെയാണ് നേരത്തെ ഐഎസിനെ അടിച്ചമർത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ പശ്ചിമേഷ്യയിലുണ്ടായ യുദ്ധസാഹചര്യം മുതലെടുത്ത് ഈ ഭീകരർ പുനഃസംഘടിക്കുകയാണെന്നാണ് റഷ്യൻ ഇന്റലിജൻസ് നൽകുന്ന വിവരം.
അഫ്ഗാനിസ്ഥാനും പുതിയ സുരക്ഷാ വെല്ലുവിളിയും
സിറിയയിൽ മാത്രമല്ല, അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചും വലിയ തോതിലുള്ള ഭീകര വിന്യാസത്തിന് നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് റഷ്യൻ സുരക്ഷാ മേധാവി മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്ഥാനിലെ ഐഎസ് ബന്ധമുള്ള ഭീകരർ സിഐഎസ് അംഗരാജ്യങ്ങളുടെ അതിർത്തികളിലേക്ക് നീങ്ങുന്നതായി റഷ്യൻ ഇന്റലിജൻസ് നിരീക്ഷിച്ചിട്ടുണ്ട്. അഫ്ഗാന്റെ വടക്കൻ അതിർത്തികളിൽ ഇപ്പോഴും തീവ്രവാദ ഗ്രൂപ്പുകൾ സജീവമാണ്.
മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് ഭീകരവാദം വ്യാപിപ്പിക്കാനും, റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സുരക്ഷയെ തകർക്കാനും വിദേശ ശക്തികൾ ഈ ഗ്രൂപ്പുകളെ ഉപയോഗിക്കുന്നുണ്ടെന്ന് റഷ്യ കുറ്റപ്പെടുത്തുന്നു. വിദേശത്തുനിന്ന് വൻതോതിൽ പണവും ആയുധങ്ങളും ഡ്രോണുകളും ഈ തീവ്രവാദികൾക്ക് ലഭിക്കുന്നുണ്ടെന്നും എഫ്എസ്ബി മേധാവി ആരോപിച്ചു. അഫ്ഗാനിസ്ഥാന്റെ അതിർത്തി സുരക്ഷ ശക്തമാക്കാൻ മധ്യേഷ്യൻ രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിഐഎസിനും ഭീഷണി
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം 1991-ലാണ് കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്‌സ് (സിഐഎസ്) രൂപീകൃതമാകുന്നത്. അംഗരാജ്യങ്ങൾക്കിടയിൽ സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ സഹകരണം ശക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. നിലവിൽ ഒമ്പത് രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്: റഷ്യ, അർമേനിയ, അസർബൈജാൻ, ബെലാറസ്, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, മോൾഡോവ, ഉസ്‌ബെക്കിസ്ഥാൻ.
പാശ്ചാത്യ ചാരസംഘടനകളുടെ പുതിയ നീക്കം സിഐഎസ് കൂട്ടായ്മയിലെ മറ്റ് അംഗരാജ്യങ്ങളുടെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്ന് യോഗത്തിൽ ആശങ്കയുയർന്നിട്ടുണ്ട്. മോചിപ്പിക്കപ്പെടുന്ന ഭീകരരിൽ സിഐഎസ് രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരും ഉൾപ്പെടുന്നുണ്ടെന്ന് ബോർട്‌നികോവ് ചൂണ്ടിക്കാണിച്ചു. പണ്ട് ഐസിസിന് വേണ്ടി പോരാടുകയും പിന്നീട് സിറിയൻ ജയിലുകളിൽ അവസാനിക്കുകയും ചെയ്ത ഇക്കൂട്ടരെ പശ്ചിമേഷ്യയിൽ മാത്രമല്ല, ഭാവിയിൽ അവരുടെ സ്വന്തം ജന്മനാടുകളിൽ അട്ടിമറി നടത്താനും പാശ്ചാത്യ ഏജൻസികൾ ഉപയോഗിച്ചേക്കാമെന്നാണ് അദ്ദേഹം പറയുന്നത്.