07/03/2026
[fontresizer_tawhidurrahmandear_widget]

രാജ്യസഭയിലേക്ക് പത്രിക നൽകി നിതീഷ് കുമാർ; ബിജെപിയുടെ രാഷ്ട്രീയ തന്ത്രമെന്ന് പ്രതിപക്ഷം

 രാജ്യസഭയിലേക്ക് പത്രിക നൽകി നിതീഷ് കുമാർ; ബിജെപിയുടെ രാഷ്ട്രീയ തന്ത്രമെന്ന് പ്രതിപക്ഷം

പട്ന: രണ്ട് പതിറ്റാണ്ടിലേറെ ബിഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ സംസ്ഥാന രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നു. മാർച്ച് 16-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക അദ്ദേഹം ഇന്ന് സമർപ്പിച്ചു. ഇതോടെ ലോക്‌സഭ, രാജ്യസഭ, നിയമസഭ, നിയമസഭാ കൗൺസിൽ എന്നീ നാല് സഭകളിലും അംഗമാകുന്ന അപൂർവ്വ നേട്ടം നിതീഷ് കുമാർ സ്വന്തമാക്കും. ലാലു പ്രസാദ് യാദവ്, സുശീൽ മോദി എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ബിഹാറിലെ മൂന്നാമത്തെ നേതാവാകും അദ്ദേഹം.

തന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ് ഇതിലൂടെ പൂർത്തിയാകുന്നതെന്ന് നിതീഷ് കുമാർ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിഹാർ ഉപമുഖ്യമന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. ബിഹാറിന്റെ വികസനത്തിനായി പുതിയ സർക്കാരിന് തന്റെ പൂർണ്ണ പിന്തുണയും മാർഗനിർദേശവും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

അതേസമയം, നിതീഷ് കുമാറിന്റെ ഈ നീക്കം ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിജെപി നിതീഷിനെ രാഷ്ട്രീയമായി തട്ടിക്കൊണ്ടുപോയതാണെന്നും ഡൽഹിയിൽ നിന്നുള്ള സമ്മർദ്ദത്തിന് വഴങ്ങിയാണ് തീരുമാനമെന്നും ആർ.ജെ.ഡി നേതാവ് മനോജ് കുമാർ ഝാ പരിഹസിച്ചു. നിതീഷ് കുമാറിന് പകരം സാമ്രാട്ട് ചൗധരി, നിത്യാനന്ദ് റായ് തുടങ്ങിയ ബിജെപി നേതാക്കളിൽ ഒരാൾ ബിഹാർ മുഖ്യമന്ത്രിയാകുമെന്ന ഊഹാപോഹങ്ങളും സജീവമാണ്.

Also read: