ഇന്ത്യൻ കോഫി ഹൗസുകളിൽ ‘ഗ്യാസ്’ തീർന്നു; ഊണ് നിലയ്ക്കും; ചായ,കാപ്പി പ്രേമികൾക്കും തിരിച്ചടി
തിരുവനന്തപുരം: പാചകവാതക ക്ഷാമം കടുത്തതോടെ സംസ്ഥാനത്തെ ഇന്ത്യൻ കോഫി ഹൗസുകൾ കടുത്ത പ്രതിസന്ധിയിലേക്ക്. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ പല ശാഖകളുടെയും അടുക്കളകൾ പൂട്ടേണ്ടി വരുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. തൃശ്ശൂർ ആസ്ഥാനമായുള്ള സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന തെക്കൻ ജില്ലകളിലെ 45-ഓളം ശാഖകളെയാണ് പ്രതിസന്ധി പ്രധാനമായും ബാധിച്ചിരിക്കുന്നത്.
ലഭ്യമായ സിലിണ്ടറുകൾ ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമേ തികയുകയുള്ളൂ എന്നതിനാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കോഫി ബോർഡ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ശാഖകളിൽ ഉച്ചഭക്ഷണം (ഊണ്) താൽക്കാലികമായി ഒഴിവാക്കും. ഇതിനു പകരമായി ബിരിയാണി നൽകാനാണ് തീരുമാനം. കൂടാതെ, ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ ചായയും കാപ്പിയും ലഭ്യമാകില്ല. ആശുപത്രി കാന്റീനുകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ മുൻഗണന നൽകുമെന്നും ഇതിനായി ഗ്യാസ് ഏജൻസികൾക്ക് കത്ത് നൽകിയിട്ടുണ്ടെന്നും സൊസൈറ്റി പ്രസിഡന്റ് എസ്.എസ്. അനിൽകുമാർ അറിയിച്ചു.
ചില ശാഖകളിൽ വിറകടുപ്പ് ഉപയോഗിച്ച് പാചകം തുടരാൻ നിർദ്ദേശമുണ്ടെങ്കിലും നഗരമധ്യത്തിലെയും നിയമസഭയിലേയും ഉൾപ്പെടെയുള്ള ശാഖകളിൽ ഇത് പ്രായോഗികമല്ല. ഒരു മാസം അയ്യായിരത്തോളം സിലിണ്ടറുകൾ ആവശ്യമായ സ്ഥാനത്ത് നിലവിലെ ക്ഷാമം പരിഹരിച്ചില്ലെങ്കിൽ കോഫി ഹൗസുകളുടെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുന്ന അവസ്ഥയാണുള്ളത്.