28/03/2026
[fontresizer_tawhidurrahmandear_widget]

‘ലോകകപ്പ് ട്രോഫി ഇന്ത്യയുടേതാണ്, മതത്തിന്റേതല്ല’: വിമർശകർക്ക് മറുപടിയുമായി ഖുശ്‌ബു സുന്ദർ

 ‘ലോകകപ്പ് ട്രോഫി ഇന്ത്യയുടേതാണ്, മതത്തിന്റേതല്ല’: വിമർശകർക്ക് മറുപടിയുമായി ഖുശ്‌ബു സുന്ദർ

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് വിജയത്തിന് പിന്നാലെ ട്രോഫിയുമായി ക്ഷേത്രദർശനം നടത്തിയതിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്‌ബു സുന്ദർ. ലോകകപ്പ് ട്രോഫി ഇന്ത്യയുടേതാണെന്നും അതിൽ മതപരമായ വിവാദങ്ങൾ ഉണ്ടാക്കുന്നത് അനാവശ്യമാണെന്നും ഖുശ്‌ബു വ്യക്തമാക്കി. ഐഎഎൻഎസിനോട് സംസാരിക്കവെയാണ് താരം നിലപാട് വ്യക്തമാക്കിയത്.

ഈ മാസം 8-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഐസിസി പുരുഷ ടി20 ലോകകപ്പ് നേടിയത്. വിജയത്തിന് പിന്നാലെ താരങ്ങളും ഉദ്യോഗസ്ഥരും നന്ദിസൂചകമായി ട്രോഫി ക്ഷേത്രത്തിൽ എത്തിച്ചിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങളെ ഖുശ്‌ബു ശക്തമായി തള്ളിക്കളഞ്ഞു.

“ട്രോഫി നേടിയ അഭിമാന നിമിഷത്തെ മതത്തിന്റെ കണ്ണിലൂടെ കാണരുത്. ഓരോരുത്തർക്കും അവരവരുടെ വിശ്വാസമനുസരിച്ച് ദൈവത്തിന് നന്ദി പറയാം. സഞ്ജു സാംസൺ വിജയിച്ചപ്പോൾ കുരിശടയാളം വരച്ച് പ്രാർത്ഥിച്ചു. നായകൻ സൂര്യകുമാർ യാദവ് മൈതാനത്തെ മണ്ണ് തൊട്ട് തലയിൽ വച്ചു. ഇവയെല്ലാം ഇന്ത്യയോടുള്ള സ്നേഹവും വികാരവുമാണ് പ്രതിഫലിപ്പിക്കുന്നത്. ട്രോഫിയുമായി ക്ഷേത്രത്തിലോ പള്ളിയിലോ പോകുന്നതിൽ തെറ്റില്ല. ഇത്തരം കാര്യങ്ങളിൽ തർക്കിക്കുന്നവരുടെ ചിന്താഗതി വളരെ ചെറുതാണ്”, ഖുശ്‌ബു പറഞ്ഞു

ഇന്ത്യൻ കായികരംഗത്ത് വ്യക്തിപരമായ വിശ്വാസവും ദേശീയ ബോധവും എപ്പോഴും ചേർന്നുനിൽക്കുന്നതാണെന്ന് അവർ കൂട്ടിച്ചേർത്തു. രാജ്യം നേടിയ വലിയൊരു നേട്ടത്തെ ബഹുമാനിക്കുന്നതിനു പകരം ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഖുശ്‌ബു ഓർമ്മിപ്പിച്ചു.

Also read: