ഖുദ്സ് ദിന റാലിയിൽ ജനങ്ങൾക്കിടയിൽ ഇറങ്ങിനടന്ന് ഇറാൻ പ്രസിഡന്റ് പെസെഷ്‌കിയാൻ; അരാഗ്ചിയും അലി ലാരിജാനിയും ആൾക്കൂട്ടത്തിനു നടുവിൽ
തെഹ്റാൻ: ഇറാന്റെ ഔദ്യോഗിക ഭരണനേതൃത്വം തകർന്നുവെന്നും നേതാക്കൾ ബങ്കറുകളിൽ ഒളിച്ചിരിക്കുകയാണെന്നുമുള്ള അമേരിക്കൻ-ഇസ്രയേൽ പ്രചാരണങ്ങൾക്കിടെ ശക്തിപ്രകടനവുമായി ഖുദ്‌സ് ദിന റാലി. യുഎസ്-ഇസ്രയേൽ വ്യോമാക്രമണങ്ങൾ നഗരത്തിന് മുകളിൽ തുടരുന്നതിനിടയിലും, സുരക്ഷാ അകമ്പടികളില്ലാതെ ആയിരക്കണക്കിന് ജനങ്ങൾക്കൊപ്പം തെഹ്റാനിലെ തെരുവുകളിലൂടെ നടക്കുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഖുദ്സ് ദിന റാലിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. കനത്ത മഴയെയും യുദ്ധഭീഷണിയെയും അവഗണിച്ച് പ്രസിഡന്റിനൊപ്പം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരും റാലിയിൽ അണിനിരന്നു.
റമദാനിലെ അവസാന വെള്ളിയാഴ്ച ഫലസ്തീൻ ഐക്യദാർഢ്യത്തിനായി നടത്തുന്ന ഖുദ്സ് ദിന റാലിയാണ് ഇത്തവണ ഇറാന്റെ കരുത്ത് പ്രകടിപ്പിക്കാനുള്ള വേദിയായി മാറിയത്. ഫെബ്രുവരി 28-ന് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് ശേഷം ഇറാന്റെ മുതിർന്ന നേതാക്കൾ ‘എലികളെപ്പോലെ മാളങ്ങളിൽ ഒളിച്ചിരിക്കുകയാണ്’ എന്ന യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉൾപ്പെടെയുള്ള നേതാക്കൾ പരിഹസിച്ചിരുന്നു. എന്നാൽ, ഈ പരിഹാസങ്ങൾക്കെല്ലാം മറുപടിയായാണു നേതാക്കളുടെ രംഗപ്രവേശം. ഖാംനഇയുടെ വധത്തിനുശേഷം ഇത്രയും തലമുതിർന്ന നേതാക്കൾ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നതും ഇതാദ്യമായാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, മഴ നനഞ്ഞ തെരുവുകളിലൂടെ ജനങ്ങൾക്കിടയിലൂടെ നടന്നുനീങ്ങുന്ന പെസെഷ്‌കിയാനെ കാണാം. ആളുകൾ അദ്ദേഹത്തിനൊപ്പം സെൽഫിയെടുത്തും ആലിംഗനം ചെയ്തും സ്‌നേഹം പ്രകടിപ്പിച്ചു. ഇതിനിടയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്‌ഫോടന ശബ്ദങ്ങൾ കേൾക്കാമായിരുന്നെങ്കിലും പ്രസിഡന്റോ മറ്റ് നേതാക്കളോ പിന്മാറാൻ തയാറായില്ല. അമേരിക്കൻ ഡ്രോണുകളും മിസൈലുകളും തലയ്ക്ക് മുകളിൽ വട്ടമിടുമ്പോഴും ഇറാൻ പ്രസിഡന്റ് ജനങ്ങൾക്കിടയിൽ സുരക്ഷിതനായി നടക്കുന്നുവെന്നാണ് ഇറാൻ പ്രൊഫൈലുകൾ ദൃശ്യങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
റാലിക്കിടെ മാധ്യമങ്ങളോട് സംസാരിച്ച അലി ലാരിജാനി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ചു. ‘ഇറാൻ ജനത എത്രത്തോളം പക്വതയുള്ളവരാണെന്ന് ട്രംപിന് അറിയില്ല. ശത്രുവിന്റെ ഇത്തരം ആക്രമണങ്ങൾ ഞങ്ങളുടെ നിശ്ചയദാർഢ്യത്തെ കൂടുതൽ ശക്തമാക്കുകയേ ഉള്ളൂ,’ അദ്ദേഹം പറഞ്ഞു. ഇസ്രയേൽ മിസൈലുകൾ റാലി നടന്ന പാതയ്ക്ക് സമീപം പതിച്ചിട്ടും ലാരിജാനി അഭിമുഖം തുടർന്നത് അദ്ദേഹത്തിന്റെ ചങ്കൂറ്റമായി ഇറാൻ മാധ്യമങ്ങൾ ആഘോഷിക്കുന്നുണ്ട്.
ജുഡീഷ്യറി ചീഫ് ഗുലാം ഹുസൈൻ മൊഹ്സെനി-എജെഐ, പോലീസ് ചീഫ് അഹ്മദ് റേസ റദാൻ, ആറ്റോമിക് എനർജി മേധാവി മുഹമ്മദ് എസ് ലാമിയും റാലിയിൽ സജീവമായിരുന്നു. വെടിയൊച്ചകള്‍ക്കിടയിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ വലിയ എസ്കോര്‍ട്ടില്ലാതെ ഭരണാധികാരികൾ ജനങ്ങൾക്കിടയിൽ ഇറങ്ങിയത് രാഷ്ട്രീയകേന്ദ്രങ്ങളില്‍ ആശ്ചര്യമുളവാക്കിയിട്ടുണ്ട്.