ഇറാൻ്റെ നട്ടെല്ലൊടിച്ച് അമേരിക്ക; ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്
തെഹ്റാൻ: ഇറാൻ-ഇസ്രായേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ, ഇറാന്റെ സാമ്പത്തിക നട്ടെല്ലും പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രവുമായ ഖാർഗ് ഐലൻഡിന് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇറാനിലെ 90 ശതമാനം ക്രൂഡ് ഓയിൽ കയറ്റുമതിയും നിയന്ത്രിക്കുന്ന ഈ തന്ത്രപ്രധാന ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തങ്ങളുടെ വ്യോമസേന പൂർണ്ണമായും തകർത്തതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. മധ്യേഷ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണ് യുഎസ് സെൻട്രൽ കമാൻഡ് ഖാർഗ് ഐലൻഡിൽ നടത്തിയത്.
ഖാർഗ് ഐലൻഡിലെ എല്ലാ സൈനിക താവളങ്ങളും ലക്ഷ്യസ്ഥാനങ്ങളും പൂർണ്ണമായും തകർത്തെങ്കിലും, മാനുഷികവും നയതന്ത്രപരവുമായ കാരണങ്ങളാൽ നിലവിൽ എണ്ണ ഉൽപാദന പ്ലാന്റുകളെയും അടിസ്ഥാന സൗകര്യങ്ങളെയും ആക്രമണത്തിൽ നിന്ന് ഒഴിവാക്കിയതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. എന്നാൽ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയാനോ ഭീഷണിപ്പെടുത്താനോ ഇറാൻ ശ്രമിച്ചാൽ, ദ്വീപിലെ എണ്ണ പ്ലാന്റുകൾ തകർക്കാൻ താൻ രണ്ടാമതൊന്ന് ആലോചിക്കില്ലെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. ഇറാന്റെ സൈനിക ശക്തിക്ക് അമേരിക്കൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഖാർഗ് ഐലൻഡിലെ എണ്ണ സമുച്ചയങ്ങൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. കനത്ത സ്ഫോടനങ്ങൾ ദ്വീപിൽ ഉടനീളം കേട്ടതായും കനത്ത പുക ഉയരുന്നതായും പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ ആക്രമണം തുടർന്നാൽ മേഖലയിലെ യുഎസ് അനുകൂല രാജ്യങ്ങളിലെ എണ്ണക്കമ്പനികളെയും ഊർജ്ജ കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുമെന്ന് ഇറാന്റെ സായുധ സേന തിരിച്ചടിച്ചു. സംഘർഷം രൂക്ഷമായതോടെ ഗൾഫ് മേഖലയിലേക്ക് 2500 മാരിൻ സൈനികരെയും ഒരു യുദ്ധക്കപ്പലിനെയും കൂടി അമേരിക്ക നിയോഗിച്ചിട്ടുണ്ട്.
ലോക വിപണിയിലെ എണ്ണ വിലയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ഈ ആക്രമണം ബാധിക്കുമെന്ന ആശങ്കയിലാണ് മറ്റ് രാജ്യങ്ങൾ. ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന എണ്ണക്കപ്പലുകൾക്ക് യുഎസ് നേവി ഉടൻ തന്നെ സുരക്ഷയൊരുക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ഏകദേശം രണ്ടാഴ്ചയായി തുടരുന്ന ഈ യുദ്ധം മിഡിൽ ഈസ്റ്റിലെ സമാധാനാന്തരീക്ഷത്തെ പൂർണ്ണമായും തകർത്തിരിക്കുകയാണ്. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി നിലച്ചാൽ അത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായും തകർക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.