റഡാറുകൾക്ക് പിടികൊടുക്കില്ല, പ്രതിരോധം അസാധ്യം; ഇറാന്‍ ഇനിയും പുറത്തെടുക്കാത്ത ‘മിസൈല്‍ ഭീകരന്മാര്‍’
ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കെ, ഇറാന്റെ പക്കലുള്ള അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ ലോകശക്തികളെ ഒരുപോലെ അമ്പരപ്പിക്കുകയാണ്. ആധുനിക വ്യോമസേനയുടെ കുറവ് പരിഹരിക്കാൻ ഇറാൻ കെട്ടിപ്പടുത്തത് അതിശക്തമായ ഒരു മിസൈൽ സാമ്രാജ്യമാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും മിസൈൽ പ്രതിരോധ സംവിധാനങ്ങളെ വെല്ലുവിളിക്കാൻ ശേഷിയുള്ള ഇറാന്റെ പ്രധാന ആയുധശേഖരത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ പ്രധാനിയാണ് സെജ്ജീൽ മിസൈൽ
സെജ്ജീൽ ; ദൂരപരിധിയിലെ രാജാവ്
ഇറാന്റെ ആയുധശേഖരത്തിലെ ഏറ്റവും കരുത്തുറ്റ മിസൈലുകളിൽ ഒന്നാണ് സെജ്ജീൽ. ദ്രാവക ഇന്ധനത്തിന് പകരം ഖര ഇന്ധനം ഉപയോഗിക്കുന്നതിനാൽ ഇവ വളരെ വേഗത്തിൽ വിക്ഷേപിക്കാൻ സാധിക്കും. ശത്രുക്കളുടെ റഡാറുകൾക്ക് ഇവയെ മുൻകൂട്ടി തിരിച്ചറിയാൻ പ്രയാസമാണ്. 2,000 കിലോമീറ്റർ മുതൽ 2,500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള സെജ്ജീലിന് പശ്ചിമേഷ്യയിലെ ഏത് ലക്ഷ്യസ്ഥാനവും തകർക്കാൻ ശേഷിയുണ്ട്.
ഫത്താഹ് : ഹൈപ്പർസോണിക് വിപ്ലവം
മിസൈൽ സാങ്കേതികവിദ്യയിൽ ഇറാൻ കൈവരിച്ച ഏറ്റവും വലിയ നേട്ടമാണ് ‘ഫത്താഹ്’ എന്ന ഹൈപ്പർസോണിക് മിസൈൽ. ശബ്ദത്തേക്കാൾ 13 മുതൽ 15 ഇരട്ടി വരെ വേഗതയിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കും. വായുവിൽ വെച്ച് അവിശ്വസനീയമായ രീതിയിൽ പാത മാറാൻ ശേഷിയുള്ളതിനാൽ, ഇസ്രായേലിന്റെ ‘അയൺ ഡോം’ പോലുള്ള ആധുനിക പ്രതിരോധ സംവിധാനങ്ങളെപ്പോലും ഇത് നിഷ്പ്രഭമാക്കും.
ഖൈബർ/ഖൊറംഷഹർ
ഇറാന്റെ മിസൈൽ നിരയിലെ മറ്റൊരു ഭീമനാണ് ഖൈബർ. 1,500 കിലോ ഭാരമുള്ള യുദ്ധശീർഷകങ്ങൾ വഹിക്കാൻ ഇതിന് കഴിയും. മിസൈൽ അന്തരീക്ഷത്തിന് പുറത്തായിരിക്കുമ്പോൾ തന്നെ അതിന്റെ പാത നിയന്ത്രിക്കാൻ സാധിക്കുന്ന അത്യാധുനിക നാവിഗേഷൻ സംവിധാനം ഇതിനുണ്ട്. ഇത് ലക്ഷ്യസ്ഥാനത്ത് അതീവ കൃത്യതയോടെ ആഞ്ഞടിക്കാൻ മിസൈലിനെ സഹായിക്കുന്നു.
ഇറാന്റെ മിസൈൽ സാങ്കേതികവിദ്യയുടെ പ്രധാന ലക്ഷ്യം പ്രതിരോധവും പ്രത്യാക്രമണവുമാണ്. വിക്ഷേപണത്തിന് തയ്യാറെടുക്കുന്ന സമയം കുറവാണെന്നതും, റഡാറുകളെ കബളിപ്പിക്കാനുള്ള കഴിവും ഈ മിസൈലുകളെ ശത്രുക്കൾക്ക് വലിയ പേടിസ്വപ്നമാക്കുന്നു. നിലവിലെ യുദ്ധസാഹചര്യത്തിൽ സെജിൽ ഉൾപ്പെടെയുള്ള മിസൈലുകൾ ഇറാൻ ആദ്യമായി യുദ്ധമുഖത്ത് പരീക്ഷിച്ചത് മേഖലയിലെ ശക്തിസമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.