പാകിസ്ഥാന് വേണ്ടി ചാരവൃത്തി; വ്യോമസേനാ ഉദ്യോഗസ്ഥൻ അസമിൽ അറസ്റ്റിൽ
ജയ്പൂർ: ഇന്ത്യൻ വ്യോമസേനാ താവളങ്ങളിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ സിവിലിയൻ ജീവനക്കാരൻ അറസ്റ്റിൽ. അസമിലെ ദിബ്രുഗഡ് ജില്ലയിലുള്ള ചബുവ എയർഫോഴ്‌സ് സ്റ്റേഷനിൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് അംഗമായ സുമിത് കുമാറിനെയാണ് രാജസ്ഥാൻ ഇന്റലിജൻസും വ്യോമസേനാ ഇന്റലിജൻസും ചേർന്ന് പിടികൂടിയത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ ഇയാളെ ജയ്പൂരിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ജനുവരിയിൽ ജയ്‌സാൽമീർ സ്വദേശിയായ ഝബര റാമിനെ ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സുമിത് കുമാറിനെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതെന്ന് ഇന്റലിജൻസ് എഡിജിപി പ്രഫുൽ കുമാർ അറിയിച്ചു. 2023 മുതൽ കുമാർ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജന്റുകളുമായി സമ്പർക്കം പുലർത്തിയിരുന്നതായാണ് കണ്ടെത്തൽ. പണത്തിന് പകരമായാണ് പ്രതി തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയത്.
ചബുവ, നാൽ തുടങ്ങിയ വ്യോമസേനാ സ്റ്റേഷനുകളുടെ സ്ഥാനങ്ങൾ, യുദ്ധവിമാനങ്ങളുടെ വിന്യാസം, മിസൈൽ സംവിധാനങ്ങൾ, ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ എന്നിവ പ്രതി കൈമാറിയതായാണ് റിപ്പോർട്ട്. വിവരങ്ങൾ കൈമാറാൻ സോഷ്യൽ മീഡിയ ആപ്പുകളാണ് കുമാർ ഉപയോഗിച്ചിരുന്നത്. കൂടാതെ, തന്റെ പേരിൽ സിം കാർഡുകൾ എടുത്ത് പാകിസ്ഥാൻ ഹാൻഡ്‌ലർമാർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങാനും ഇയാൾ സഹായിച്ചിരുന്നു.
ഔദ്യോഗിക രഹസ്യ നിയമം, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരം ഇയാൾക്കെതിരെ ജയ്പൂരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന പാകിസ്ഥാൻ അനുകൂല ചാരശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.