23/04/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേൽ വ്യോമസേനയിൽ ഇറാൻ ചാരന്മാർ; രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ; ലക്ഷ്യം വെച്ചത് മന്ത്രിമാരെയും ഉന്നത സൈനികരെയും

 ഇസ്രയേൽ വ്യോമസേനയിൽ ഇറാൻ ചാരന്മാർ; രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ; ലക്ഷ്യം വെച്ചത് മന്ത്രിമാരെയും ഉന്നത സൈനികരെയും

തെൽ അവീവ്: ഇസ്രയേൽ വ്യോമസേനയിലും(ഐഎഎഫ്) നുഴഞ്ഞുകയറി ഇറാന്റെ ചാരശൃംഖലകൾ. ഐഎഎഫിന്റെ അതീവ സുരക്ഷാ മേഖലകളിൽ ജോലി ചെയ്യുന്ന രണ്ട് ഉദ്യോഗസ്ഥരെ ഇറാന്റെ ചാരന്മാരായി പ്രവർത്തിച്ചുവെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തു. അഷ്‌ദോദിന് സമീപമുള്ള തെൽ നോഫ് വ്യോമതാവളത്തിലെ എഫ്-15 യുദ്ധവിമാനങ്ങളുടെ ടെക്‌നീഷ്യൻമാരായി ജോലി ചെയ്തിരുന്നവരാണ് പിടിയിലായത്.

യുദ്ധകാലത്ത് ശത്രുരാജ്യത്തെ സഹായിച്ചു എന്ന അതീവ ഗൗരവകരമായ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ, മുൻ സൈനിക മേധാവി ഹെർസി ഹലേവി എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു പിടിയിലായ ഉദ്യോഗസ്ഥർക്ക് ഇറാനിൽനിന്ന് ലഭിച്ച പ്രധാന ദൗത്യമെന്ന് ഇസ്രയേലി മാധ്യമമായ കെൻ റിപ്പോർട്ട് ചെയ്യുന്നു. വിവിഐപികളുടെ റൂട്ട്മാപ്പ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ചോർത്താനായിരുന്നു നീക്കം.

കൂടാതെ, ഇസ്രയേൽ യുദ്ധവിമാനങ്ങളുടെ എഞ്ചിൻ ഘടന സംബന്ധിച്ച രഹസ്യ രേഖകൾ, യുദ്ധവിമാനങ്ങളുടെ ഫോട്ടോകൾ, ഒരു ഫ്‌ലൈറ്റ് ഇൻസ്ട്രക്ടറുടെ ചിത്രം എന്നിവ ഇവർ ഇറാന്റെ ഏജൻറുമാർക്ക് കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തി. രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ചാരവൃത്തിയുടെ വിവരങ്ങൾ അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതിരുന്ന എട്ട് സൈനികർക്കൂടി നിലവിൽ നിരീക്ഷണത്തിലാണ്.

വ്യോമസേനയുടെ ആഭ്യന്തര സുരക്ഷാ വിഭാഗവും മിലിട്ടറി പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ മാസം അയൺ ഡോം വ്യോമപ്രതിരോധ സംവിധാനത്തിൽ ജോലി ചെയ്തിരുന്ന ഒരു റിസർവ് സൈനികനും സമാനമായ കുറ്റത്തിന് പിടിയിലായിരുന്നു. ഇറാന്റെ വമ്പൻ ചാരശൃംഖല ഇസ്രയേൽ സൈനികരെ വലയിലാക്കാൻ നടക്കുന്നുണ്ടെന്നാണു വിവരം.

ഇറാനും ഇസ്രയേലും തമ്മിലുള്ള സൈനിക പോരാട്ടം 61-ാം ദിവസം പിന്നിടുമ്പോൾ, അതിർത്തിയിലെ യുദ്ധത്തേക്കാൾ ഭീകരമായി സേനയ്ക്കുള്ളിൽ തന്നെ ചാരന്മാർ ഉണ്ടെന്നത് ഇസ്രയേലിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സൈനികരെ സ്വാധീനിച്ച് വിവരങ്ങൾ ചോർത്തുന്ന ഇറാന്റെ രീതി പ്രതിരോധിക്കാൻ സൈന്യത്തിനുള്ളിൽ കർശനമായ സുരക്ഷാ പരിശോധനകൾ ആരംഭിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Also read: