ശത്രുപാളയത്തിൽ പ്രഹരമേൽപ്പിക്കാൻ ഇന്ത്യ: ബ്രഹ്മോസിൻെറ ദൂരപരിധി 800 കിലോമീറ്ററായി ഉയർത്തി
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ രംഗത്ത് നിർണായകമായ കരുത്തുപകരാൻ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ പ്രഹരശേഷി വർധിപ്പിക്കുന്നു. നിലവിലെ 450 കിലോമീറ്റർ പരിധിയിൽ നിന്നും 800 കിലോമീറ്ററിലധികം ദൂരെയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള എക്സ്റ്റെൻഡഡ്-റേഞ്ച് മിസൈലുകൾ സ്വന്തമാക്കാൻ ഇന്ത്യൻ സൈന്യം പദ്ധതിയിടുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
പ്രതിരോധ മന്ത്രാലയത്തിന്റെ വരാനിരിക്കുന്ന ഉന്നതതല യോഗത്തിൽ ഈ നവീകരണ നിർദേശം ചർച്ച ചെയ്യും. 2025 മെയ് മാസത്തിൽ നടന്ന ‘ഓപറേഷൻ സിന്ദൂർ’ വഴി ബ്രഹ്മോസിന്റെ കരുത്ത് ലോകം കണ്ടതാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഓർമ്മിപ്പിച്ചു. പാകിസ്ഥാൻ വ്യോമസേനാ താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആ നീക്കം ഒരു ട്രെയിലർ മാത്രമാണെന്നും പാകിസ്ഥാന്റെ ഓരോ ഇഞ്ചും ഇപ്പോൾ ബ്രഹ്മോസിന്റെ പരിധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തിൽ ഇസ്രയേൽ-ഇറാൻ സംഘർഷങ്ങൾ ദീർഘദൂര മിസൈലുകളുടെ പ്രാധാന്യം വർധിപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, മിസൈലുകൾക്ക് പുറമെ ഡ്രോണുകളുടെയും നൂതന യുദ്ധ സംവിധാനങ്ങളുടെയും വലിയ തോതിലുള്ള ഇൻഡക്ഷൻ ഇന്ത്യൻ സൈന്യത്തിൽ നടപ്പിലാക്കുന്നുണ്ട്. ഇതിനായി പ്രത്യേക മിസൈൽ സേനയെ രൂപീകരിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. സൈനിക വർക്ക്‌ഷോപ്പുകളിൽ തന്നെ ഡ്രോണുകൾ നിർമിക്കുന്നത് ഇന്ത്യയുടെ സ്വയംപര്യാപ്തതയ്ക്ക് ആക്കം കൂട്ടുന്നു.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസിന്റെ നിർമാണ പ്രക്രിയ നിലവിൽ പൂർണമായും തദ്ദേശീയമാണ്. പ്രഹരപരിധി 800 കിലോമീറ്ററായി ഉയർത്തുന്നതോടെ, അതിർത്തി കടന്നുള്ള ഏത് ഭീഷണിയെയും അതിവേഗം നേരിടാനുള്ള ശേഷി ഇന്ത്യൻ സൈന്യത്തിന് കൈവരും.