സാദിഖലി തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം; പ്രതി റോഷൻ പിടിയിൽ
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം നടത്തിയ കേസിൽ പ്രതി മുഹമ്മദ് റോഷൻ പിടിയിലായി. അങ്ങാടിപ്പുറത്ത് വെച്ചാണ് പെരിന്തൽമണ്ണ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുസ്‌ലിം ലീഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
വ്യാജ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സാദിഖലി തങ്ങളുടെ ബന്ധുവിൽ നിന്നും 15 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ബ്ലാക്ക് മെയിലിങ് ശ്രമം പരാജയപ്പെട്ടതോടെയാണ് പ്രതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് തങ്ങൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചത്. പിടിക്കപ്പെടുമെന്ന ഭയത്താൽ പോസ്റ്റ് ഇട്ടതിന് പിന്നാലെ ഇയാൾ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു.
കാപ്പ നിയമപ്രകാരമുള്ള നടപടികൾ നേരിട്ടിട്ടുള്ള കുറ്റവാളിയാണ് റോഷനെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ഏത് നീക്കത്തെയും പാർട്ടി നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.