31/03/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയുടെ രഹസ്യ കമാൻഡ് സെന്റർ തകർത്തെന്ന് ഇറാൻ; കേന്ദ്രത്തിൽ 200 ഓഫീസർമാർ ഉണ്ടായിരുന്നതായി സൂചന

 അമേരിക്കയുടെ രഹസ്യ കമാൻഡ് സെന്റർ തകർത്തെന്ന് ഇറാൻ; കേന്ദ്രത്തിൽ 200 ഓഫീസർമാർ ഉണ്ടായിരുന്നതായി സൂചന

തെഹ്റാന്‍: പശ്ചിമേഷ്യൻ യുദ്ധം മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ, യുഎഇയിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെ അതിശക്തമായ ആക്രമണം നടത്തി ഇറാൻ. ദുബൈക്ക് സമീപമുള്ള അൽ മിൻഹാദ് എയർ ബേസിനോട് ചേർന്നുള്ള അതീവ രഹസ്യമായ അമേരിക്കൻ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററാണ് ഡ്രോൺ-മിസൈൽ ആക്രമണത്തിൽ തകർത്തെന്ന് ഇറാൻ അവകാശപ്പെടുന്നത്. ആക്രമണ സമയത്ത് കമാൻഡ് സെന്ററിൽ ഏകദേശം 200-ഓളം അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥരും തന്ത്രജ്ഞരും ഉണ്ടായിരുന്നുവെന്ന് ഇറാൻ വാർത്താ ഏജൻസി ‘തസ്‌നീം’ റിപ്പോർട്ട് ചെയ്തു.

‘ഓപറേഷൻ ട്രൂ പ്രോമിസ് 4’-ന്റെ ഭാഗമായി നടന്ന നീക്കത്തിൽ ഇറാന്റെ അത്യാധുനിക ‘ഫത്തഹ്-2’ ഹൈപ്പർസോണിക് മിസൈലുകളും ‘ഷാഹെദ്-238’ ആത്മഹത്യാ ഡ്രോണുകളുമാണ് ഉപയോഗിച്ചത്. അമേരിക്കയുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്ത് പതിച്ച മിസൈലുകൾ കമാൻഡ് സെന്ററിനെ പൂർണമായും തകർത്തതായി റിപ്പോർട്ടിൽ പറയുന്നു. കമാൻഡ് സെന്ററിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടതായും നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഐആർജിസി അവകാശപ്പെടുന്നുണ്ട്.

മേഖലയിലെ മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങൾക്കു നേരെയും കഴിഞ്ഞ മണിക്കൂറുകളിൽ ഇറാൻ ആക്രമണം നടന്നിട്ടുണ്ട്. ബഹ്റൈനിലുള്ള യുഎസ് അഞ്ചാം കപ്പൽപ്പടയുടെ കമാൻഡർമാർ ഒത്തുചേർന്ന രഹസ്യ കേന്ദ്രത്തിന് നേരെയും ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെടുന്നു. ആക്രമണത്തിന് പിന്നാലെ നിരവധി ആംബുലൻസുകൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയത് കനത്ത നാശനഷ്ടങ്ങളുടെ സൂചനയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സൗദി അറേബ്യയിലെ ദഹ്‌റാൻ മേഖലയിൽ അമേരിക്കൻ എഫ്-16 യുദ്ധവിമാനങ്ങൾക്ക് തത്സമയ സഹായം നൽകുന്ന ഏർലി വാണിങ് റഡാർ സംവിധാനം തകർത്തെന്നാണു മറ്റൊരു അവകാശവാദം.

നിലവിൽ തെഹ്‌റാൻ ലക്ഷ്യമാക്കിയുള്ള അമേരിക്കൻ-ഇസ്രയേൽ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നൽകാനാണ് ഇറാന്റെ പദ്ധതിയെന്ന് സൈനിക നിരീക്ഷകർ വിലയിരുത്തുന്നു. തെൽ അവീവ് ലക്ഷ്യമാക്കി ഹൂത്തികൾ മിസൈൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഘട്ടത്തിലേക്ക് നീങ്ങുകയാണ്.

Also read: