മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തിട്ട് ഒരു മാസം; മുണ്ടക്കൈ ടൗൺഷിപ്പിൽ പണികൾ ഇഴയുന്നു, വാടക വീട്ടിൽ നിന്നും മാറാനാകാതെ ദുരന്തബാധിതർ
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും പണികൾ പൂർത്തിയാകാത്തതിൽ കുടുംബങ്ങൾ വലിയ ആശങ്കയിൽ. ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും തങ്ങളുടെ വീടെന്ന സ്വപ്നം ഇന്നും പാതിവഴിയിലാണെന്നും മഴയ്ക്ക് മുൻപ് താമസം തുടങ്ങാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ദുരന്തബാധിതർ പറയുന്നു. ടൗൺഷിപ്പിലെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റായ ധാരണയാണ് പുറംലോകത്തുള്ളതെന്ന് ചൂണ്ടിക്കാട്ടുന്ന ഇവർ, പണി കഴിഞ്ഞ ചുരുക്കം ചില വീടുകൾ മാത്രമാണ് മാധ്യമങ്ങൾ കാണിക്കുന്നതെന്നും ആരോപിക്കുന്നു.
എല്ലാ വീടുകളും കൈമാറി താമസം തുടങ്ങിയെന്നാണ് കേരള ജനത ഇപ്പോൾ വിശ്വസിക്കുന്നത്. എന്നാൽ ഒരു വീട്ടിൽ പോലും നിലവിൽ കയറി താമസിക്കാൻ പറ്റുന്ന സാഹചര്യമില്ല എന്നതാണ് യാഥാർഥ്യം. കൽപ്പറ്റയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ വലിയ തുക നൽകിയാണ് പലരും ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത്. സർക്കാർ നൽകുന്ന വാടക സഹായത്തിന് പുറമെ വലിയൊരു തുക കൈയിൽ നിന്ന് നൽകേണ്ടി വരുന്നത് വരുമാനമില്ലാത്ത കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. എത്രയും വേഗം ടൗൺഷിപ്പിലേക്ക് മാറാൻ കഴിഞ്ഞാൽ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ.
ഉദ്ഘാടനത്തിന് മുൻപുണ്ടായിരുന്ന തൊഴിലാളികളുടെ എണ്ണം ഇപ്പോൾ പകുതിയായി കുറഞ്ഞത് നിർമാണ വേഗതയെ ബാധിച്ചിട്ടുണ്ട്. കാലവർഷം എത്തുന്നതിന് മുൻപ് പണി പൂർത്തിയാക്കി 178 കുടുംബങ്ങളെയും ഏപ്രിൽ അവസാനത്തോടുകൂടി ഒരുമിച്ച് വീടുകളിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം. അതേസമയം, ടൗൺഷിപ്പ് പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്നും ഏപ്രിൽ ആദ്യവാരത്തോടെ വീടുകൾ താമസയോഗ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.