02/04/2026
[fontresizer_tawhidurrahmandear_widget]

ഇറാൻ യുദ്ധത്തിലെ ട്രംപിന്റെ അവകാശവാദങ്ങൾ ഓഹരിവിപണിയെ ഉന്നം വെച്ചോ? അഞ്ചാം ആഴ്ചയും യുഎസിന്റെ ലക്ഷ്യങ്ങൾ മാറിമറിയുന്നു

 ഇറാൻ യുദ്ധത്തിലെ ട്രംപിന്റെ അവകാശവാദങ്ങൾ ഓഹരിവിപണിയെ ഉന്നം വെച്ചോ? അഞ്ചാം ആഴ്ചയും യുഎസിന്റെ ലക്ഷ്യങ്ങൾ മാറിമറിയുന്നു

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോൾ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ ഓഹരിവിപണിയോ ലക്ഷ്യം വെച്ചാണോ എന്നിങ്ങനെയുള്ള സംശയങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇറാന്റെ ഔദ്യോഗിക വൃത്തങ്ങൾ യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ അമേരിക്കയുമായി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുമ്പോൾ ട്രപിന്റെ പല അവകാശവാദങ്ങളും പ്രസ്താവനകളും ഓഹരിവിപണി ലക്ഷ്യം വെച്ചാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

യുദ്ധവുമായി ബന്ധപ്പെട്ട ട്രംപിന്റെ ഓരോ പ്രസ്താവനകളും ലോകമെമ്പാടുമുള്ള ഓഹരി വിപണികളിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കുന്നത്. ഇന്ത്യയിലെ സെൻസെക്‌സും നിഫ്റ്റിയും ഈ മാറ്റങ്ങൾക്കൊപ്പമാണ് നീങ്ങുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെട്ടതും യുദ്ധം തുടരുമോ അതോ അവസാനിക്കുമോ എന്ന കാര്യത്തിലുള്ള അവ്യക്തതയുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് പിന്നിലെ പ്രധാന കാരണം.

ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ സൈനിക നീക്കത്തിന് തൊട്ടുമുൻപുള്ള ആഴ്ചകളിൽ, പ്രമുഖ പ്രതിരോധ കമ്പനികളിൽ വൻതോതിൽ പണം നിക്ഷേപിക്കാൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ ബ്രോക്കർ ശ്രമിച്ചെന്ന ആരോപണം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക് റോക്കിന്റെ പ്രതിരോധ മേഖലയിലുള്ള ഫണ്ടിൽ ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപിക്കാനാണ് മോർഗൻ സ്റ്റാൻലിയിലുള്ള ഹെഗ്‌സെത്തിന്റെ ബ്രോക്കർ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയിൽ ഇറാനെതിരെ യുഎസ് സൈനിക നടപടി തുടങ്ങുന്നതിന് തൊട്ടുമുൻപായിരുന്നു ഈ നീക്കമെന്നും വിവരമുണ്ട്. ഇത്തരത്തിലുള്ള ആരോപണങ്ങളും ഈ സംശയത്തെ ഉറപ്പിക്കാനുള്ള കാരണങ്ങളിൽ ഉൾപ്പെടുന്നു.

ഏപ്രിൽ ഒന്നിന് ട്രംപ് നടത്തിയ പ്രസംഗത്തിൽ, അമേരിക്കൻ സൈന്യം ഉടൻ പിന്മാറുമെന്നും പ്രധാന ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായെന്നും ട്രംപ് പറഞ്ഞത് വിപണിക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, ഇതിന് തൊട്ടുപിന്നാലെ രണ്ട് മൂന്നാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പവർ പ്ലാന്റുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ കടുത്ത ആക്രമണം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയത് വിപണിയെ പെട്ടെന്ന് തകർത്തു. ഈ പ്രസ്താവനയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുകയും അമേരിക്കൻ വിപണിയിൽ തിരിച്ചടിയുണ്ടാവുകയും ചെയ്തു.

ഇതിന്റെ ഫലമായി ഏപ്രിൽ രണ്ടിന് രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ തന്നെ ഇന്ത്യൻ വിപണിയിൽ വൻ തകർച്ചയാണ് ഉണ്ടായത്. സെൻസെക്‌സ് 1,500 പോയിന്റോളം താഴുകയും നിഫ്റ്റി രണ്ട് ശതമാനത്തോളം ഇടിയുകയും ചെയ്തു. ബാങ്കിംഗ്, ഊർജ്ജം തുടങ്ങിയ പ്രധാന മേഖലകളെയെല്ലാം ഇത് മോശമായി ബാധിച്ചു. വിദേശ നിക്ഷേപകർ വ്യാപകമായി പണം പിൻവലിച്ചതും രൂപയുടെ മൂല്യം ഇടിഞ്ഞതും വിപണിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി. യുദ്ധം പെട്ടെന്ന് അവസാനിക്കില്ല എന്ന ഭീതിയാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്.

കഴിഞ്ഞ മാർച്ചിലും ഏപ്രിൽ ആദ്യ വാരത്തിലും ട്രംപിന്റെ വാക്കുകൾക്കനുസരിച്ച് വിപണി ഇത്തരത്തിൽ ഉയരുകയും താഴുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം സമാധാനത്തിന് ആഹ്വാനം ചെയ്യുമ്പോഴോ അല്ലെങ്കിൽ പിന്മാറ്റത്തെക്കുറിച്ച് സൂചിപ്പിക്കുമ്പോഴോ ഓഹരി വിപണി മികച്ച നേട്ടം കൈവരിക്കും. എന്നാൽ തിരിച്ചടികളെക്കുറിച്ച് സംസാരിക്കുമ്പോൾ സ്വർണ്ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ആളുകൾ മാറുകയും ഓഹരികളിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്യും. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം എണ്ണവില കൂടുന്നത് സാമ്പത്തികമായ വലിയ വെല്ലുവിളിയാണ്. ചുരുക്കത്തിൽ, ട്രംപിന്റെ ഓരോ വാക്കുകളും ആഗോള വിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും ലോകസാമ്പത്തിക ക്രമത്തെയും നേരിട്ട് സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. മണികൺട്രോൾ, ബ്ലൂംബെർഗ് തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പോലെ വിപണിയിലെ ഈ അനിശ്ചിതത്വം നിലവിൽ തുടരാനാണ് സാധ്യത.

Also read: