യുദ്ധത്തിൽ കുലുങ്ങി പെന്റഗൺ; ആർമി ചീഫ് ഓഫ് സ്റ്റാഫിനെയും മുതിർന്ന മൂന്ന് ജനറൽമാരെയും പുറത്താക്കി യുഎസ്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരായ യുദ്ധം ജയിച്ചെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ യുഎസ് ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും തലപ്പത്ത് വൻ അഴിച്ചുപണി നടക്കുന്നു. യുഎസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനോട് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഉടൻ സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട നീക്കം. ഒന്നാം ഗൾഫ് യുദ്ധത്തിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ഠിച്ച പരിചയസമ്പന്നനായ റാണ്ടി ജോർജിന് കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം ബാക്കിനിൽക്കെയാണ് ഈ പുറത്താക്കൽ.
ഇതിനുപുറമെ യുദ്ധതന്ത്രങ്ങൾ മെനയുന്നതിൽ നിർണ്ണായക പങ്കുവഹിച്ച പെന്റഗണിലെ ‘വാർ കമാൻഡിൽ’ നിന്നുള്ള മൂന്ന് മുതിർന്ന ജനറൽമാരെ കൂടി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി നീക്കം ചെയ്തു. പീറ്റ് ഹെഗ്‌സെത്ത് ചുമതലയേറ്റ ശേഷം പുറത്താക്കപ്പെടുന്ന മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ എണ്ണം ഇതോടെ പത്തിലധികമായിരിക്കുകയാണ്. സൈന്യത്തിലെ പഴയ നയങ്ങൾ മാറ്റണമെന്നും പോരാട്ടവീര്യം വർദ്ധിപ്പിക്കണമെന്നുമുള്ള കർശന നിലപാടിന്റെ ഭാഗമായാണ് ഈ ശുദ്ധീകരണം. സൈനിക തലപ്പത്തെ മാറ്റത്തിനൊപ്പം തന്നെ നീതിന്യായ വകുപ്പിലും ട്രംപ് പിടിമുറുക്കി. അറ്റോർണി ജനറൽ പാം ബോണ്ടിയെ സ്ഥാനത്തുനിന്ന് നീക്കിയതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ബൈഡൻ ഭരണകാലത്തെ ഉദ്യോഗസ്ഥരെയും രീതികളെയും പൂർണ്ണമായി ഒഴിവാക്കി പുതിയ ഭരണകൂടത്തിന്റെ നയങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾ. ഇറാൻ യുദ്ധസാഹചര്യങ്ങൾക്കിടയിൽ സൈന്യത്തിന്റെയും നീതിന്യായ വകുപ്പിന്റെയും തലപ്പത്ത് ഒരേസമയം വലിയ മാറ്റങ്ങൾ വരുത്തുന്നത് അമേരിക്കയുടെ വരുംദിവസങ്ങളിലെ പ്രതിരോധ തന്ത്രങ്ങളെ എങ്ങനെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു. നിലവിൽ ജനറൽ ക്രിസ്റ്റഫർ ലാനീവിനാണ് സൈന്യത്തിന്റെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നിർണ്ണായകമായ ഭരണപരിഷ്‌കാരങ്ങൾ പെന്റഗണിലും വൈറ്റ് ഹൗസിലും ഉണ്ടായേക്കുമെന്നാണ് സൂചന.