03/04/2026
[fontresizer_tawhidurrahmandear_widget]

‘നാല് വോട്ട് കിട്ടാൻ വേണ്ടി ഇങ്ങനെ ചെയ്താൽ സമൂഹത്തിൽ നികത്താൻ കഴിയാത്ത വിള്ളലുണ്ടാകും’; പേരാമ്പ്ര അനൗൺസ്മെൻ്റ് വിവാദത്തിൽ സാദിഖലി തങ്ങൾ

 ‘നാല് വോട്ട് കിട്ടാൻ വേണ്ടി ഇങ്ങനെ ചെയ്താൽ സമൂഹത്തിൽ നികത്താൻ കഴിയാത്ത വിള്ളലുണ്ടാകും’; പേരാമ്പ്ര അനൗൺസ്മെൻ്റ് വിവാദത്തിൽ സാദിഖലി തങ്ങൾ

മലപ്പുറം: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അനൗൺസ്‌മെന്റ് വിവാദത്തിൽ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേവലം നാല് വോട്ട് നേടുന്നതിനായി മതസൗഹാർദ്ദം തകർക്കുന്ന ഇത്തരം പ്രവണതകൾ സമൂഹത്തിൽ നികത്താനാവാത്ത വിള്ളലുകൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം യുഡിഎഫിനില്ലെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞാലും മാറാത്ത ഭിന്നതകൾ സൃഷ്ടിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിവാദമായ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി രാമകൃഷ്ണന് മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് ഡെപ്യൂട്ടി കളക്ടർ നോട്ടീസ് അയച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്ക് വേണ്ടി ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’ എന്ന പേരിൽ മതം പറഞ്ഞ് വോട്ട് ചോദിക്കുന്നു എന്നാരോപിച്ചായിരുന്നു എൽഡിഎഫിന്റെ അനൗൺസ്‌മെന്റ്. ഇത് വോട്ടർമാരെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള നീക്കമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി.

അനൗൺസ്‌മെന്റ് വാഹനം എൽഡിഎഫിന്റേതല്ലെന്ന് സിപിഎം വാദിക്കുമ്പോഴും, മൈക്ക് പെർമിഷൻ എടുത്ത രേഖകളും നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ വെച്ചാണ് ഇത് റെക്കോർഡ് ചെയ്തതെന്ന തെളിവുകളും യുഡിഎഫ് പുറത്തുവിട്ടു. വിഷയത്തിൽ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ടി.പി രാമകൃഷ്ണൻ പ്രതികരിച്ചു.

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന പേരാമ്പ്രയിൽ, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് ഉണ്ടാക്കിയ മുന്നേറ്റം രാഷ്ട്രീയ കേരളം വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. വിവാദം കൊഴുക്കുന്നതോടെ മണ്ഡലത്തിലെ പോരാട്ടം കൂടുതൽ വാശിയേറിയതായി മാറിയിരിക്കുകയാണ്.

Also read: