04/04/2026
[fontresizer_tawhidurrahmandear_widget]

‘സഭ നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ അറിയിക്കും’; വിശ്വാസികൾ വിവേകത്തോടെ വോട്ട് ചെയ്യുമെന്ന് സിഎസ്ഐ ബിഷപ്പ്

 ‘സഭ നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ അറിയിക്കും’; വിശ്വാസികൾ വിവേകത്തോടെ വോട്ട് ചെയ്യുമെന്ന് സിഎസ്ഐ ബിഷപ്പ്

തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സഭ നേരിടുന്ന വെല്ലുവിളികൾ വിശ്വാസികളെ ബോധ്യപ്പെടുത്തുമെന്നും വിശ്വാസികൾ വിവേകപൂർവ്വം വോട്ട് രേഖപ്പെടുത്തുമെന്നും സിഎസ്ഐ ബിഷപ്പ് റവ ഡോ. പ്രിൻസ്റ്റൻ ബെൻ. ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് സഭ നിർദേശിച്ചിട്ടില്ല. എന്നാൽ, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉചിതമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ വിശ്വാസികൾ പ്രാപ്തരാണെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ സഭയുടെ നിലപാട് വ്യക്തമാക്കിയ ബിഷപ്പ്, 10 ലക്ഷത്തോളം വരുന്ന വിശ്വാസികൾ നിർബന്ധമായും വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പുരോഹിതർ പറഞ്ഞാൽ വിശ്വാസികൾ കേൾക്കുമെന്ന വിശ്വാസമുണ്ടെന്നും ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ പുരോഹിതരുടെ യോഗം വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസികളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിൽ നേരിട്ട് ഇടപെടില്ലെങ്കിലും സഭ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് അവരെ ബോധവൽക്കരിക്കും.

ദലിത് ക്രൈസ്തവരുടെ സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാർ പരിഹാരം കാണണമെന്നും 2018 മുതൽ മെഡിക്കൽ വിദ്യാഭ്യാസ സംവരണത്തിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. എസ്ഐയുസി സർട്ടിഫിക്കറ്റ് നൽകാനുള്ള ബിഷപ്പിന്റെ അവകാശം പുനഃസ്ഥാപിക്കാത്തതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ഏകദേശം എട്ടോ ഒമ്പതോ മണ്ഡലങ്ങളിൽ സഭാ വോട്ടുകൾ നിർണായകമാണെന്നും ടി.ടി പ്രവീണിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് മാത്രം അത് സഭയുടെ ഔദ്യോഗിക നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ബിഷപ്പ് വ്യക്തമാക്കി.

Also read: