11/04/2026
[fontresizer_tawhidurrahmandear_widget]

പണം നൽകിയ സ്ത്രീക്കൊപ്പം ശോഭ സുരേന്ദ്രനും കേന്ദ്രമന്ത്രിയും: പാലക്കാട്ടെ ‘വോട്ടിന് നോട്ട്’ വിവാദത്തിൽ ബിജെപി വാദങ്ങൾ പൊളിയുന്നു

 പണം നൽകിയ സ്ത്രീക്കൊപ്പം ശോഭ സുരേന്ദ്രനും കേന്ദ്രമന്ത്രിയും: പാലക്കാട്ടെ ‘വോട്ടിന് നോട്ട്’ വിവാദത്തിൽ ബിജെപി വാദങ്ങൾ പൊളിയുന്നു

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ പണം വിതരണം ചെയ്തെന്ന ആരോപണത്തിൽ ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കി പുതിയ തെളിവുകൾ പുറത്ത്. പണം വിതരണം ചെയ്ത സ്ത്രീയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ശോഭയുടെ വാദം പൊളിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്. പാലക്കാട്ടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് ശോഭ സുരേന്ദ്രനും കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമൊപ്പം ഈ സ്ത്രീ നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

ഇന്ന് രാവിലെ പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയിൽ വോട്ടർമാർക്ക് പണം നൽകിയെന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ശോഭ സുരേന്ദ്രൻ സഞ്ചരിച്ച കാറിലുണ്ടായിരുന്ന സ്ത്രീ വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. എന്നാൽ, തനിക്കെതിരെ കോൺഗ്രസ് മെനഞ്ഞ കള്ളക്കഥയാണിതെന്നും കാറിലുള്ള സ്ത്രീയെ അറിയില്ലെന്നുമാണ് ശോഭ ആദ്യം പ്രതികരിച്ചത്. എന്നാൽ കാറിലുള്ളത് ബിജെപി പ്രവർത്തകയാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയതോടെ ശോഭ സുരേന്ദ്രൻ പ്രതിരോധത്തിലായി. ഇതിന് പിന്നാലെയാണ് ഇവർ തമ്മിലുള്ള പഴയ ബന്ധം വെളിപ്പെടുത്തുന്ന ഫോട്ടോകൾ കോൺഗ്രസ് പുറത്തുവിട്ടത്.

കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബിജെപി ഓഫീസിലെത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ കോൺഗ്രസ് ആയുധമാക്കുന്നത്. ഇതോടെ ശോഭയുടെ വാദങ്ങൾ കള്ളമാണെന്ന് തെളിഞ്ഞതായി യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരെ എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പാലക്കാട്ടെ ജനങ്ങളെ പണം നൽകി വാങ്ങാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും സംഭവത്തിൽ ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകുമെന്നും ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി. വോട്ടെടുപ്പിന് തൊട്ടുമുൻപ് പുറത്തുവന്ന ഈ വോട്ട് കോഴ വിവാദം പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യത്തെ കൂടുതൽ കലുഷിതമാക്കിയിരിക്കുകയാണ്.

Also read: