സാരിയുടെ കടുംനിറം തുണച്ചു; 35 അടി താഴ്‌ചയുള്ള ജലസംഭരണിയിൽ വീണ ലീല ജീവിതത്തിലേക്ക് തിരികെക്കയറി
തൃശൂർ: ഉപയോഗശൂന്യമായ ജലസംഭരണിയിൽ വീണ 75-കാരിക്ക് രക്ഷയായത് ധരിച്ചിരുന്ന വസ്ത്രത്തിന്റെ കടുംനിറം. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് കാമ്പസിലെ 35 അടി താഴ്ചയുള്ള ടാങ്കിൽ വീണ പഴുവിൽ കുറുമ്പിലാവ് സ്വദേശിനി ലീലയാണ് മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. വെള്ളിയാഴ്ച രാത്രിയാണ് ലീല അപകടത്തിൽപ്പെട്ടതെന്ന് കരുതുന്നു.
നിർമാണത്തിലെ അപാകം മൂലം ഉപേക്ഷിച്ച നിലയിലുള്ള ടാങ്കിനുള്ളിലെ പൊന്തക്കാട്ടിലേക്കാണ് ലീല വീണത്. ഇന്നലെ രാവിലെ ഇതുവഴി പോയ യാത്രക്കാരൻ ടാങ്കിനുള്ളിൽ അസ്വാഭാവികമായി ഒരു കടുംനിറം ശ്രദ്ധിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ലീല ധരിച്ചിരുന്ന ചുവന്ന സാരിയും പച്ച ബ്ലൗസുമാണ് പൊന്തക്കാടിനിടയിലും യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്.
വിവരമറിഞ്ഞെത്തിയ മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ ആർ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കയർ കെട്ടി ടാങ്കിനുള്ളിലേക്ക് ഇറങ്ങിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. രണ്ടാഴ്ച മുൻപ് ലീലയെ വീട്ടിൽ നിന്നും കാണാതായതായി പരാതി ലഭിച്ചിരുന്നു. പൊന്തക്കാട്ടിലേക്ക് വീണതിനാൽ വലിയ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ട ലീലയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഒ മാരായ രമേശ്ചന്ദ്രൻ, ശ്രീജിത്ത്, അഭയ്‌ഘോഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.