ഇരവാദങ്ങളില്ല, മാപ്പ് പറയലില്ല; അമേരിക്കയെ മുട്ടുകുത്തിച്ച ഇറാന്റെ യുദ്ധ തന്ത്രം
തെഹ്റാൻ: ഇറാനെ തകർക്കുമെന്ന് ആക്രോശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച യുദ്ധം വേറൊരു രൂപത്തിലാണ് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ പ്രതീക്ഷകളെ തകർത്ത് ഇറാൻ മറ്റൊരു വിധത്തിൽ യുദ്ധം വിജയിക്കുകയാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. യുദ്ധക്കളം ഭരിക്കുന്നത് മിസൈലുകളോ യുദ്ധവിമാനങ്ങളോ മാത്രമല്ല, ഇതിനേക്കാൾ വലിയ ആയുദ്ധങ്ങൾ ഉൾക്കൊള്ളുന്ന ‘വിർച്വൽ വാർ റൂമുകളാണ്’ ഇറാൻ തുറന്നിരിക്കുന്നത്. സോഷ്യൽ മീഡിയകളിലെ ഇത്തരം വാർ റൂമുകളിലൂടെ തങ്ങളുടെ പ്രതിരോധ ആക്രമണങ്ങളെയും ആശയങ്ങളെയും കൃത്യമായ ക്യാമ്പയിൻ പ്ലാൻ ചെയ്ത് പങ്കുവെക്കാൻ ഇറാന് കഴിഞ്ഞിട്ടുണ്ട് എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുദ്ധം ആരംഭിച്ച് ആറ് ആഴ്ച പിന്നിടുമ്പോൾ ഏകദേശം 3,500ലധികം ആളുകൾ ഇറാനിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. എന്നാൽ സാധാരണക്കാരുടെ നേരെയും സ്കൂളുകൾക്കും യൂണിവേഴ്സിറ്റികൾക്ക് നേരെയും ഇസ്രയേലും അമേരിക്കയും നടത്തിയ ഭീകരാക്രമണങ്ങളിൽ തങ്ങളെ ഒരു ഇരയായി അവതരിപ്പിക്കാതെ മരണത്തെപ്പോലും ഭയമില്ലാത്ത ധീരന്മാരായാണ് ഇറാൻ അവതരിപ്പിച്ചത്. റമളാനിലെ ഖുദ്സ് ദിന റാലിയിൽ ശത്രുക്കളുടെ വ്യോമാക്രമണങ്ങളിൽ പതറാതെ മുന്നോട്ടു പോവുന്ന ഇറാൻ ജനതയുടെയും നേതാക്കളുടെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നേരത്തെ പ്രചരിച്ചിരുന്നു. ഇത്തരം കാര്യങ്ങളിൽ ജനങ്ങൾക്കിടയിൽ ഇറാന് ഒരു സൂപർ ഹീറോ പരിവേഷം നൽകിയതായും വിലയിരുത്തപ്പെടുന്നു.
ഇതിനു പുറമെ അത്യാധുനികമായ ‘മീം മെഷീനുകളും’ ട്രോൾ സംവിധാനങ്ങളും ഉപയോഗിച്ച് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ചുകൊണ്ടുള്ള കണ്ടന്റുകളും ആനിമേഷൻ വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇറാൻ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഭരണവിരുദ്ധ പ്രക്ഷോഭം പ്രതീക്ഷിച്ച് അമേരിക്കയും ഇസ്രയേലും നടത്തുന്ന വ്യോമാക്രമണങ്ങൾക്കിടയിലും ഇറാനിലെ തെരുവുകളിൽ ആളുകൾ സർക്കാരിന് പിന്തുണയുമായി വൻ റാലികൾ നടത്തുകയായികുന്നു. മിസൈലുകൾ ആകാശത്ത് നിന്ന് വർഷിക്കുമ്പോഴും കുട്ടികൾ പോലും ഭയക്കാതെ ഇത്തരം റാലികളിൽ പങ്കെടുക്കുന്നത് ഇറാന്റെ ആത്മവിശ്വാസം ഉയർത്തി. ട്രംപിനെ പരിഹസിക്കുന്ന ഹാഷ്ടാഗുകളും ഇറാൻ അനുകൂല പ്രൊഫൈലുകൾ സജീവമാക്കിയിട്ടുണ്ട്. ട്രംപിന്റെ പഴയ വിവാദങ്ങൾ വരെ ഇതിനായി ഇറാൻ ആയുധമാക്കുന്നു.
വെറുമൊരു രാജ്യം എന്നതിലുപരി ഒരു വലിയ സൈനിക ശക്തിയായാണ് ഇറാൻ തങ്ങളെത്തന്നെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. അമേരിക്കയെയും ഇസ്രയേലിനെയും പരിഹസിക്കുന്ന വീഡിയോകൾ നിർമ്മിച്ച് ആഗോളതലത്തിൽ ട്രംപിനെ വെറുമൊരു കോമാളിയാക്കി ചിത്രീകരിക്കുന്നതിലും ഇറാൻ അനുകൂല പ്രൊഫൈലുകൾക്ക് സാധിച്ചു. യുദ്ധം കാരണം ഇന്ധനവില വർദ്ധിക്കുന്നതും ആഗോള പ്രതിസന്ധി ഉണ്ടാകുന്നതും അമേരിക്കയുടെ പരാജയമായി ചിത്രീകരിക്കാൻ അവർക്ക് കഴിഞ്ഞു. യുദ്ധക്കളത്തിൽ അമേരിക്കയ്ക്ക് മേൽക്കൈ ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ലോകജനതയുടെ മനസ്സ് കീഴടക്കുന്നതിലും സമാധാന ചർച്ചകളിൽ തങ്ങളുടെ നിലപാടുകൾ ഉറപ്പിക്കുന്നതിലും ഇറാൻ വിജയിക്കുന്നതായാണ് വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.