യുദ്ധം പുനനരാരംഭിക്കാൻ ഒരുങ്ങി ഇസ്രയേൽ; ഹോർമുസിൽ കപ്പൽ തടയുമെന്ന് അമേരിക്ക
വാഷിങ്ടൺ: ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടരുന്നു. ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗൗരവമായി ആലോചിക്കുന്നതായും ഇസ്രയേൽ സൈന്യം യുദ്ധത്തിലേക്ക് തിരിച്ചുവരാൻ തയ്യാറെടുക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനു പുറമെ ഇറാന് ടോൾ കൊടുത്ത് ഹോർമുസ് കടക്കുന്ന കപ്പലുകൾ തടയുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാത്രി 10 മണി മുതൽ കപ്പലുകൾ തടയുമെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ഹോർമുസിലെ സ്വാധീനം നിലനിർത്താൻ എന്തു വിലകൊടുത്തും ഇറാൻ പൊരുതുമെന്നാണ് വിദഗ്ദാഭിപ്രായം.
സമാധാന ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ ഇറാന്റെ ആണവ നിലയങ്ങൾക്കും പ്രധാന സൈനിക കേന്ദ്രങ്ങൾക്കും നേരെ വ്യോമാക്രമണം നടത്തുന്നതിനുള്ള പദ്ധതികൾ വൈറ്റ് ഹൗസ് പരിശോധിച്ചു വരികയാണ്. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്വയം പ്രതിരോധത്തിനായി ശക്തമായ നീക്കങ്ങൾ നടത്താൻ ഇസ്രയേൽ പ്രതിരോധ സേനയ്ക്ക് (ഐഡിഎഫ്) നിർദ്ദേശം ലഭിച്ചതായാണ് സൂചന.
അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ സൈനിക നീക്കം നടത്താനുള്ള സാധ്യതകൾ വർദ്ധിച്ചതോടെ മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്റെ ആണവായുധ മോഹങ്ങളെ തടയുന്നതിൽ നയതന്ത്ര ചർച്ചകൾ ഫലം കാണുന്നില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഗൾഫ് മേഖലയിലെ സഖ്യകക്ഷികൾ ആയുധങ്ങൾക്കായി മറ്റ് വിപണികളെ തേടുന്നത് അമേരിക്കയെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെങ്കിലും ഇറാനെതിരെയുള്ള കർക്കശമായ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇസ്രയേൽ സൈന്യം തങ്ങളുടെ അതിർത്തികളിൽ സുരക്ഷ ശക്തമാക്കുകയും ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജരാകുകയും ചെയ്തിരിക്കുകയാണ്. ചർച്ചകൾ പരാജയപ്പെട്ടാൽ യുദ്ധം മാത്രമാണ് പോംവഴിയെന്ന സൂചനയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്നത്.