നിതിൻ രാജിന്റെ മരണം; ഇടക്കാല ജാമ്യഹർജിയുമായി പ്രതികളായ ഡോ.റാമും സംഗീതയും
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതികളായ അധ്യാപകർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. നിതിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണി മൂലമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നുമാണ് അധ്യാപകരുടെ വാദം. സംഭവദിവസം പ്രിൻസിപ്പലിന്റെ മുറിയിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഡോ. റാം ജാമ്യാപേക്ഷയിൽ അവകാശപ്പെടുന്നു.
നിതിനെ ജാതീയമായും വംശീയമായും അധിക്ഷേപിച്ചെന്നും ഇന്റേണൽ മാർക്കിന്റെ പേരിൽ നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നുമാണ് കുടുംബത്തിന്റെ പരാതി. ഡോ. റാം ഒളിവിൽ തുടരുന്നതിനിടെ ഇയാൾക്കായി പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കാനിരിക്കെയാണ് നീക്കം. അതേസമയം, സംഭവത്തിൽ ദേശീയ ദന്തൽ കമ്മീഷൻ ഇടപെട്ടു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ അഞ്ചരക്കണ്ടി ദന്തൽ കോളേജ് പ്രിൻസിപ്പലിനോട് കമ്മീഷൻ നിർദ്ദേശിച്ചു. എബിവിപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.