ഉണ്ണിക്കണ്ണന് മുന്നിൽ ചിക്കൻ മന്തിയുമായി വിഷു പോസ്റ്റർ; അങ്ങാടിപ്പുറത്ത് ഹോട്ടൽ ഉടമകൾക്കെതിരെ കേസ്
മലപ്പുറം: വിഷുദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രത്തിനൊപ്പം ചിക്കൻ മന്തി ഉൾപ്പെടുത്തിയ സംഭവത്തിൽ മലപ്പുറം അങ്ങാടിപ്പുറത്ത് ഹോട്ടലുടമകൾക്കെതിരെ പൊലീസ് കേസെടുത്തു. അങ്ങാടിപ്പുറം ഓരാടം പാലത്ത് പ്രവർത്തിക്കുന്ന ‘യമാമ ഷവായ’ ഹോട്ടലിന്റെ ഉടമകൾക്കെതിരെയാണ് മങ്കട പൊലീസ് നടപടിയെടുത്തത്.
മയിൽപീലി ചൂടിയ ഉണ്ണിക്കണ്ണൻ മന്തി പ്ലേറ്റിന് മുന്നിൽ ഇരിക്കുന്ന തരത്തിലുള്ള ചിത്രം ഈ മാസം 14 മുതൽ 17 വരെ ഹോട്ടലിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിച്ചിരുന്നു. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന കണ്ടെത്തലിനെത്തുടർന്ന്, കലാപ ആഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഹോട്ടൽ ഉടമകളായ പൂക്കോട്ടൂർ സ്വദേശികൾ മുസ്തഫ, ഷാഹുൽ ഹമീദ്, സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്ന മുഹമ്മദ് ഷാഹിൽ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സമാനമായ സംഭവത്തിൽ കഴിഞ്ഞ ദിവസം ആലപ്പുഴ ചേർത്തലയിലും നടപടിയുണ്ടായിരുന്നു. ചേർത്തലയിലെ ‘മെഹർ മന്തി’ ഹോട്ടലുടമ ഹർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടു. പുറത്തുനിന്നുള്ള ഏജൻസിയാണ് പോസ്റ്റർ തയ്യാറാക്കിയതെന്നും തന്റെ അറിവോടെയല്ല ഇത് സംഭവിച്ചതെന്നുമാണ് ഉടമയുടെ വിശദീകരണം. ഇരു സംഭവങ്ങളിലും വൻ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.