19/04/2026
[fontresizer_tawhidurrahmandear_widget]

‘മാറികൊണ്ടിരിക്കുന്ന ഇസ്രയേലിന്റെ ചതിവര’;ഗസ്സയിലേതിന് സമാനമായ മഞ്ഞവര ലബനനിലും

 ‘മാറികൊണ്ടിരിക്കുന്ന ഇസ്രയേലിന്റെ ചതിവര’;ഗസ്സയിലേതിന് സമാനമായ മഞ്ഞവര ലബനനിലും

ബെയ്‌റൂത്ത്: ഗസ്സ മുനമ്പിലെ നടപ്പിലാക്കിയ അതേ മാതൃകയിൽ ദക്ഷിണ ലബനനിലും പ്രത്യേക അതിർത്തി രേഖ അഥവാ ‘യല്ലോ ലൈൻ’ സ്ഥാപിച്ചതായി ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 16ന് ഇസ്രയേലും ലബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നെങ്കിലും, ഏപ്രിൽ 18ഓടെ അതിർത്തിയിൽ ഇസ്രയേൽ ഈ പുതിയ സൈനിക അതിർവരമ്പ് പ്രഖ്യാപിക്കുകയായിരുന്നു. അതിർത്തിയിൽ നിന്ന് ഏകദേശം 8 മുതൽ 10 കിലോമീറ്റർ വരെ ഉള്ളിലായി നിശ്ചയിച്ചിട്ടുള്ള ഈ രേഖയ്ക്ക് തെക്ക് വശത്തുള്ള പ്രദേശങ്ങൾ പൂർണ്ണമായും ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരിക്കും.

ഇതോടെ, ഈ മേഖലയിലുള്ള ഏകദേശം 55 ലബനീസ് ഗ്രാമങ്ങളിലേക്ക് ജനങ്ങൾ മടങ്ങുന്നത് തടയപ്പെടുകയും ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കെട്ടിടങ്ങൾ തകർക്കുന്നത് തുടരുകയും ചെയ്യുന്നു. ഈ മഞ്ഞരേഖ മുറിച്ചുകടക്കാൻ ശ്രമിക്കുന്നവരെ വെടിവെക്കാൻ സൈന്യത്തിന് അനുമതി നൽകിയിട്ടുണ്ട്.

ഗസ്സയിൽ 2025 ഒക്ടോബറിലെ വെടിനിർത്തലിന് ശേഷം നടപ്പിലാക്കിയ ഇതേ നയം വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമായിരുന്നു. ഗസ്സയിലെ ‘യല്ലോ ലൈൻ’ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നായതിനാൽ പലപ്പോഴും സാധാരണക്കാർക്ക് സുരക്ഷിത മേഖലകൾ തിരിച്ചറിയാൻ കഴിയാറില്ല. വിറക് ശേഖരിക്കാനോ മറ്റ് ദൈനംദിന ആവശ്യങ്ങൾക്കോ വേണ്ടി അറിയാതെ ഈ രേഖയ്ക്കടുത്ത് എത്തുന്ന കുട്ടികളെ പോലും ഇസ്രയേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളായ ‘ദി ഗാർഡിയൻ’, ‘ലെ മോണ്ടെ’ റിപ്പോർട്ട് പ്രകാരം ഇത്തരത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ലബനനിലും സമാനമായ രീതിയിൽ ഗ്രാമങ്ങൾ തകർക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഞ്ഞരേഖ പ്രഖ്യാപിച്ചതിന് പിന്നാലെ ബെയ്റ്റ് ലീഫ്, ഖാന്തറ തുടങ്ങിയ ഇടങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ വെടിനിർത്തൽ കരാർ ഇരുപക്ഷവും പാലിക്കണമെന്നും ഇസ്രയേൽ ലംഘനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നുമാണ് ഹിസ്ബുള്ളയുടെ നിലപാട്.

ലബനനിൽ ഇതുവരെ നടന്ന ആക്രമണങ്ങളിൽ 172 കുട്ടികൾ ഉൾപ്പെടെ രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സയിലെയും ലെബനനിലെയും സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ‘യല്ലോ ലൈൻ’ എന്ന പേരിൽ ഇസ്രയേൽ നടപ്പിലാക്കുന്ന ഈ നയം സാധാരണക്കാരുടെ ജീവന് വലിയ ഭീഷണിയാണെന്നും വെടിനിർത്തൽ കരാറുകളെ ഇത് ദുർബലപ്പെടുത്തുന്നുവെന്നുമാണ് ആഗോളതലത്തിൽ ഉയരുന്ന വിമർശനം.

Also read: