19/04/2026
[fontresizer_tawhidurrahmandear_widget]

തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; 17 മരണം, പലരുടെയും നില ​ഗുരുതരം

 തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; 17 മരണം, പലരുടെയും നില ​ഗുരുതരം

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിനെ നടുക്കി പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 17 പേർ മരിച്ചു. കട്ടാന്നാർപട്ടിയിലെ ‘വനജ ഫയർവർക്സ്’ എന്ന സ്ഥാപനത്തിലാണ് നാടിനെ വിറപ്പിച്ച അപകടമുണ്ടായത്. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടസമയത്ത് അൻപതിലേറെ തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നും പലരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നാല് മുറികളുള്ള കെട്ടിടത്തിലാണ് പടക്കനിർമാണ ശാല പ്രവർത്തിച്ചിരുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നു തരിപ്പണമായി. പത്ത് കിലോമീറ്റർ ദൂരത്തോളം സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായതായും സമീപവാസികൾ ഭീതിയോടെ ഓർക്കുന്നു. സ്ഫോടനത്തെത്തുടർന്ന് പ്രദേശമാകെ കറുത്ത പുക ഉയരുകയും ഇത് രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്തു. നിലവിൽ അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനുമായി രണ്ട് മന്ത്രിമാരോട് ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്താൻ അദ്ദേഹം നിർദ്ദേശിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവധി ദിവസമായ ഞായറാഴ്ച നിയന്ത്രണങ്ങൾ ലംഘിച്ചാണോ പ്രവർത്തനം നടന്നതെന്ന കാര്യവും അധികൃതർ പരിശോധിച്ചുവരികയാണ്.

Also read: