11/05/2026
[fontresizer_tawhidurrahmandear_widget]

തമിഴ്നാട്ടിൽ വിജയ് തരംഗത്തിലും കുലുങ്ങാതെ മുസ്‍ലിം ലീഗ്; മത്സരിച്ച രണ്ടിടത്തും തകർപ്പൻ ജയം

 തമിഴ്നാട്ടിൽ വിജയ് തരംഗത്തിലും കുലുങ്ങാതെ മുസ്‍ലിം ലീഗ്; മത്സരിച്ച രണ്ടിടത്തും തകർപ്പൻ ജയം

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം ഉണ്ടാക്കിയ അപ്രതീക്ഷിത മുന്നേറ്റത്തിനിടയിലും പതറാതെ മുസ്ലിം ലീഗ്. ഡി.എം.കെ സഖ്യത്തിൽ മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച് മുസ്ലിം ലീഗ് തമിഴ്നാട് രാഷ്ട്രീയത്തിൽ തങ്ങളുടെ സ്വാധീനം ഒരിക്കൽ കൂടി തെളിയിച്ചു. വാണിയമ്പാടി, പാപനാശം എന്നീ മണ്ഡലങ്ങളിലാണ് ലീഗ് സ്ഥാനാർത്ഥികൾ വിജയക്കൊടി പാറിച്ചത്.

വിജയ്‌യുടെ ടി.വി.കെ സ്ഥാനാർത്ഥി സയ്യിദ് ബുർഹാനുദ്ദീൻ ശക്തമായ വെല്ലുവിളി ഉയർത്തിയ വാണിയമ്പാടി മണ്ഡലത്തിൽ മുസ്ലിം ലീഗിലെ സയ്യിദ് ഫാറൂഖ് ബാഷയാണ് വിജയിച്ചത്. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ പോരാട്ടത്തിൽ 2,982 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലീഗ് മണ്ഡലം പിടിച്ചെടുത്തത്. എ.ഐ.എ.ഡി.എം.കെയുടെ കോട്ടയായിരുന്ന വാണിയമ്പാടി തിരിച്ചുപിടിക്കാൻ കഴിഞ്ഞത് ഡി.എം.കെ സഖ്യത്തിന് വലിയ ആശ്വാസമായി.

പാപനാശം മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥി എ.എം ഷാജഹാൻ അട്ടിമറി വിജയം നേടി. 1,065 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ് രാഷ്ട്രീയത്തിലെ പ്രമുഖ പാർട്ടികൾ അണിനിരന്ന പോരാട്ടത്തിൽ ചെറിയ ഭൂരിപക്ഷത്തിനാണെങ്കിലും വിജയം ഉറപ്പിക്കാൻ ലീഗിന് സാധിച്ചു.

തമിഴ്നാട്ടിൽ മൂന്നാം ശക്തിയായി വിജയ് ഉയർന്ന തെരഞ്ഞെടുപ്പിൽ, പലയിടത്തും പ്രമുഖ പാർട്ടികളുടെ വോട്ട് ബാങ്കുകളിൽ ടി.വി.കെ വിള്ളലുണ്ടാക്കിയിരുന്നു. എന്നാൽ, മുസ്ലിം ലീഗ് മത്സരിച്ച മണ്ഡലങ്ങളിൽ തങ്ങളുടെ വോട്ടുകൾ കൃത്യമായി സമാഹരിക്കാൻ പാർട്ടിക്ക് കഴിഞ്ഞു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ തമിഴ്നാട്ടിലും നൂറ് ശതമാനം വിജയം നേടാനായത് ദേശീയതലത്തിൽ തന്നെ ലീഗിന് വലിയ കരുത്താകും.

Also read: