‘തൃണമൂലിന്റെ 37.9% എംപിമാരും സ്ത്രീകൾ’; മോദിക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി
വനിതാ സംവരണം ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച അവകാശവാദങ്ങളെ തള്ളിക്കൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) ലോക്സഭാ അംഗങ്ങളിൽ 37.9 ശതമാനവും സ്ത്രീകളാണെന്ന കണക്കുകൾ നിരത്തിയാണ് മമത പ്രധാനമന്ത്രിക്ക് മറുപടി നൽകിയത്. ബംഗാളിലെ ബാങ്കുറയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ, വനിതാ സംവരണ ബില്ലിനെ തൃണമൂൽ കോൺഗ്രസ് എതിർത്തുവെന്ന മോദിയുടെ ആരോപണമാണ് മമതയെ ചൊടിപ്പിച്ചത്.
ബിജെപി സർക്കാർ വനിതാ സംവരണ ബില്ലിനെ വെറുമൊരു തിരഞ്ഞെടുപ്പ് തന്ത്രമായി ഉപയോഗിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. ടിഎംസിയുടെ ലോക്സഭാ അംഗങ്ങളിൽ 37.9 ശതമാനവും രാജ്യസഭാ അംഗങ്ങളിൽ 46 ശതമാനവും സ്ത്രീകളാണെന്നിരിക്കെ, ബിജെപിക്ക് തങ്ങളെ പഠിപ്പിക്കാൻ അവകാശമില്ലെന്ന് അവർ പറഞ്ഞു. 2023-ൽ പാസാക്കിയ നിയമം നടപ്പിലാക്കുന്നതിന് മുൻപ് സെൻസസും മണ്ഡല പുനർനിർണ്ണയവും (Delimitation) വേണമെന്ന നിബന്ധനയെ മമത ശക്തമായി എതിർത്തു. ഇത് സ്ത്രീകളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും അവർ ആരോപിച്ചു.
സ്ത്രീകൾക്ക് സംവരണം നൽകാൻ ബിജെപിക്ക് ആത്മാർത്ഥമായ താല്പര്യമുണ്ടെങ്കിൽ 2023 സെപ്റ്റംബറിൽ ബിൽ പാസാക്കിയ ശേഷം മൂന്ന് വർഷത്തോളം എന്തിന് കാത്തിരുന്നുവെന്നും മമത ചോദിച്ചു. നിലവിലുള്ള സീറ്റുകളിൽ തന്നെ ഉടൻ സംവരണം നടപ്പിലാക്കാമെന്നിരിക്കെ, അതിനെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നത് ഫെഡറൽ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്നും മമത എക്‌സിൽ (X) കുറിച്ചു.