പ്രമുഖ മൊസാദ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; അസാധാരണ വെളിപ്പെടുത്തലുമായി ഇസ്രയേൽ ചാരസംഘം തലവൻ
തെൽ അവീവ്: ഇറാനെതിരായ സൈനിക നടപടിയിൽ നിർണായക പങ്കുവഹിച്ച മുതിർന്ന മൊസാദ് ഓഫീസർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രയേൽ. മൊസാദ് മേധാവി ഡേവിഡ് ബാർണിയയാണ് അസാധാരണ വെളിപ്പെടുത്തൽ നടത്തിയത്. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പകരം ‘എം’ എന്ന പേരിലാണ് ബാർണിയ ഇയാളെ പരിചയപ്പെടുത്തിയത്.
ഇറാന്റെ പക്കൽ അത്യാധുനിക ആയുധങ്ങൾ എത്തുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ‘ഓപറേഷൻ റോറിങ് ലയൺ’ എന്ന രഹസ്യ ഓപറേഷനു നേതൃത്വം നൽകിയത് കൊല്ലപ്പെട്ട ഉദ്യോഗസ്ഥനായിരുന്നുവെന്ന് മൊസാദ് മേധാവി ഡേവിഡ് ബാർണിയ വെളിപ്പെടുത്തി. സൈനിക ദൗത്യത്തിൽ തുടരുന്നതിനിടെ ഇസ്രയേലിനു പുറത്തുവച്ചാണു കൊല്ലപ്പെട്ടതെന്ന് അദ്ദേഹം അറിയിച്ചു. ഇറാനെതിരായ സൈനിക നടപടിയുടെ വിജയത്തിൽ നിർണായകമായ പല ഓപറേഷനുകൾക്കും നേതൃത്വം നൽകിയത് കൊല്ലപ്പെട്ട ഉദ്യോഗസ്ഥനാണെന്നും ബാർണിയ സൂചിപ്പിക്കുന്നുണ്ട്.
അതേസമയം, ഏതു സംഭവത്തിൽ, എവിടെ എപ്പോഴാണ് മൊസാദ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതെന്ന് ബാർണിയ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, മൂന്ന് വർഷം മുൻപ് ഇറ്റലിയിലെ ഇറ്റലിയിലെ മഗിയോർ തടാകത്തിലുണ്ടായ ബോട്ടപകടത്തിലാണ് ‘എം’ കൊല്ലപ്പെട്ടതെന്നാണ് ഒരു വിഭാഗം ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അന്ന് വിനോദ സഞ്ചാരത്തിനായി എത്തിയവർ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മഴയിലും പെട്ട് തകരുകയായിരുന്നു. എന്നാൽ, അതൊരു വെറും വിനോദയാത്രയായിരുന്നില്ലെന്നും ഇറ്റാലിയൻ രഹസ്യാന്വേഷണ വിഭാഗവും മൊസാദും സംയുക്തമായി നടത്തിയ ഒരു രഹസ്യ ദൗത്യത്തിന്റെ ആഘോഷമായിരുന്നുവെന്നും പിന്നീട് പുറത്തുവന്നു. ബോട്ടിലുണ്ടായിരുന്ന 23 പേരിൽ 19 പേരും ഇസ്രയേൽ-ഇറ്റാലിയൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരായിരുന്നു.
അപകടത്തിൽ ‘എം’ കൂടാതെ രണ്ട് ഇറ്റാലിയൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ബോട്ട് ക്യാപ്റ്റന്റെ ഭാര്യയും കൊല്ലപ്പെട്ടിരുന്നു. സർവീസിൽനിന്ന് വിരമിച്ച ശേഷവും രാജ്യത്തിന് വേണ്ടി സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു ‘എം’.
ഇറാന്റെ ആയുധ നിർമാണ ശാലകളെയും വിതരണ ശൃംഖലയെയും തകർക്കുന്നതിൽ ‘എം’ കാണിച്ച ബുദ്ധിശക്തിയും സാങ്കേതിക തികവും നിലവിലെ ഇസ്രയേൽ-ഇറാൻ യുദ്ധത്തിൽ ഇസ്രയേലിന് വലിയ മേധാവിത്വം നൽകിയെന്ന് ബാർണിയ പറഞ്ഞു. ‘സൃഷ്ടിപരമായ നീക്കങ്ങളും തന്ത്രവും സാങ്കേതികവിദ്യയും ഒരേപോലെ സമന്വയിപ്പിച്ചാണ് അദ്ദേഹം ദൗത്യങ്ങൾ നടപ്പാക്കിയത്. ഇറാന് മേലുള്ള ഇസ്രയേലിന്റെ വിജയത്തിന് പിന്നിൽ ഇദ്ദേഹത്തിന്റെ അധ്വാനം വലുതാണ്,’ ബാർണിയ വ്യക്തമാക്കി.
മൊസാദ് ഏജന്റുമാരുടെ മരണത്തെക്കുറിച്ചോ പ്രവർത്തനങ്ങളെക്കുറിച്ചോ ഇസ്രയേൽ സാധാരണയായി വിവരങ്ങൾ പുറത്തുവിടാറില്ല. അതുകൊണ്ടുതന്നെ ബാർണിയയുടെ വെളിപ്പെടുത്തൽ അസാധാരണ നടപടിയായാണു വിലയിരുത്തപ്പെടുന്നത്. എന്നാൽ, രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവിതം സമർപ്പിച്ച ‘എം’ എന്ന ഉദ്യോഗസ്ഥന് അർഹമായ ആദരവ് നൽകാനാണ് ഈ വെളിപ്പെടുത്തലെന്ന് നിരീക്ഷകർ കരുതുന്നു.