കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: ഫർമാനെതിരെ കേസെടുക്കാൻ പട്ടികവർഗ കമ്മീഷൻ്റെ നിർദേശം
ഡൽഹി: കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹ വിവാദത്തിൽ പങ്കാളി ഫർമാനെതിരെ കേസെടുക്കാൻ മധ്യപ്രദേശ് പൊലീസിന് നിർദേശം. പോക്സോ വകുപ്പും പട്ടികവർഗ അതിക്രമ നിരോധന വകുപ്പും പ്രകാരം കേസെടുക്കാൻ പട്ടികവർഗ കമ്മീഷൻ നിർദേശം നൽകി. അറസ്റ്റ് എന്തുകൊണ്ട് നടത്തിയില്ലെന്ന് കമ്മീഷൻ അധ്യക്ഷൻ ചോദിച്ചു.
ഇരു പൊലീസിന്റെ നടപടികളിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി എന്നും പരാതിക്കാരൻ പറഞ്ഞു. അതേസമയം മകളെക്കൊണ്ട് നിർബന്ധിച്ച് മൊഴി നൽകിക്കുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് തന്നെയും ഫർമാൻ തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. അതേസമയം മകളെ എത്രയും വേഗം തിരിച്ച് എത്തിക്കണം എന്ന് അമ്മ അഭ്യർത്ഥിച്ചു.
അതേസമയം, കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം നടത്തിയതില്‍ വീഴ്ചയില്ലെന്നാണ് കേരള ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. രേഖകള്‍ പ്രകാരം പെൺകുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിയെന്നും രേഖകള്‍ വ്യാജമല്ലെന്ന് ഉറപ്പിച്ചെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു.
മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂർ ശ്രീനൈനാർ ദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആ സമയത്ത് പെൺകുട്ടിക്ക് 16 വയസും രണ്ടുമാസവും മാത്രമായിരുന്നു പ്രായം എന്നാണ് ദേശീയ പട്ടികവർഗ കമീഷൻ്റെ റിപ്പോർട്ട്. വിവാഹ വിവാദത്തിനിടെ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയത് ദുരൂഹതയിലേക്ക് വിരൽ ചൂണ്ടിയിരുന്നു. 18 വയസ് തികഞ്ഞെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റാണ് ദേശീയ പട്ടിക വർഗ കമ്മീഷൻ്റെ നിർദേശപ്രകാരം ഈ മാസം റദ്ദാക്കിയത്. കഴിഞ്ഞ വർഷം ഇഷ്യൂ ചെയ്ത ജനന സർട്ടിഫിക്കറ്റാണ് റദ്ദാക്കിയത്. സർട്ടിഫിക്കറ്റ് പ്രകാരം 2008 ജനുവരി ഒന്നിനാണ് പെൺകുട്ടി ജനിച്ചത്. ഈ വർഷം ആധാറും പാനുമെടുത്തത് ഈ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്നും കണ്ടെത്തിയിരുന്നു.
പെൺകുട്ടി കേരളത്തിലെത്തിയത് നിയമപരമായി ലഭിച്ച രേഖകളുമായാണ്. വിവാഹത്തിനായി ക്ഷേത്രത്തിലേക്ക് എത്തുന്നതിന് മുമ്പ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ വച്ച് രേഖകളുടെ വെരിഫിക്കേഷൻ നടത്തിയിരുന്നു. റദ്ദാക്കിയത് വിവാഹം നടന്ന ശേഷം മാത്രമാണെന്നും നടപടി പെൺകുട്ടിയുടെ വാദം കേൾക്കാതെയാണെന്നും കണ്ടെത്തിയിരുന്നു.