23/04/2026
[fontresizer_tawhidurrahmandear_widget]

തെരഞ്ഞെടുപ്പ് കമ്മിഷനു പോലും അറിയാത്ത രഹസ്യ രാസക്കൂട്ട്; മായാത്ത മഷിക്ക് ചെലവായത് 4.67 കോടി

 തെരഞ്ഞെടുപ്പ് കമ്മിഷനു പോലും അറിയാത്ത രഹസ്യ രാസക്കൂട്ട്; മായാത്ത മഷിക്ക് ചെലവായത് 4.67 കോടി

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ കാവലാളായ വോട്ടർമാരുടെ വിരൽത്തുമ്പിലെ പർപ്പിൾ-ബ്ലാക്ക് മഷിക്കായി കേരളം ഇത്തവണ ചെലവാക്കിയത് 4.67 കോടി രൂപ. കള്ളവോട്ട് തടയാൻ ഉപയോഗിക്കുന്ന ഈ ‘രഹസ്യ’ മഷിക്കൂട്ടിന്റെ 76,200 ബോട്ടിലുകളാണ് ഇത്തവണ സംസ്ഥാനത്ത് വിതരണം ചെയ്തത്. കർണാടക സർക്കാർ ഉടമസ്ഥതയിലുള്ള മൈസൂർ പെയിന്റ്‌സ് ആൻഡ് വാർണിഷ് ലിമിറ്റഡ് (എംപിവിഎൽ) ആണ് ഈ മായാത്ത മഷി നിർമ്മിച്ച് നൽകിയത്.

1962 മുതൽ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾക്കായി മഷി നിർമ്മിക്കുന്നത് ഈ കമ്പനിയാണ്. 1937-ൽ മൈസൂർ രാജാവായിരുന്ന നാലവഡി കൃഷ്ണരാജ വൊഡയാർ ആരംഭിച്ച ഈ സ്ഥാപനത്തിന് മാത്രമാണ് തിരഞ്ഞെടുപ്പ് മഷി നിർമ്മിക്കാനുള്ള കുത്തകാവകാശമുള്ളത്. ഇന്ത്യയ്ക്ക് പുറമെ ലോകത്തെ 25 ഓളം രാജ്യങ്ങളിലേക്കും ഇവിടെ നിന്ന് മഷി കയറ്റുമതി ചെയ്യുന്നുണ്ട്. ഒരു 5 മില്ലി കുപ്പി മഷി ഉപയോഗിച്ച് ഏകദേശം 300 വോട്ടർമാരുടെ വിരലുകളിൽ അടയാളമിടാൻ സാധിക്കും.

ഈ മഷിയുടെ രാസക്കൂട്ട് തിരഞ്ഞെടുപ്പ് കമ്മീഷനു പോലും അറിയാത്ത പരമരഹസ്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിലെ പ്രധാന ഘടകം സിൽവർ നൈട്രേറ്റാണ്. വിരലിൽ പുരട്ടി കഴിയുമ്പോൾ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുമായി പ്രവർത്തിച്ച് ഇത് ത്വക്കിലും നഖത്തിലും കറുപ്പ് നിറത്തിൽ പറ്റിപ്പിടിക്കും. ഒരിക്കൽ പുരട്ടിയാൽ ചുരുങ്ങിയത് 72 മണിക്കൂർ നേരത്തേക്ക് സോപ്പോ മറ്റ് രാസവസ്തുക്കളോ ഉപയോഗിച്ച് ഇത് മായ്ക്കാൻ കഴിയില്ല. നാഷണൽ ഫിസിക്കൽ ലബോറട്ടറിയുടെ മേൽനോട്ടത്തിൽ അതീവ രഹസ്യമായാണ് ഇതിന്റെ നിർമ്മാണം നടക്കുന്നത്.

Also read: