17/04/2026
[fontresizer_tawhidurrahmandear_widget]

’പുറത്ത് വിട്ട പോസ്റ്റൽ ബാലറ്റ് കണക്ക് തെറ്റ്’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടന

 ’പുറത്ത് വിട്ട പോസ്റ്റൽ ബാലറ്റ് കണക്ക് തെറ്റ്’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടന

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട പോസ്റ്റൽ ബാലറ്റ് കണക്കുകൾ തെറ്റാണെന്ന ഗുരുതര ആരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ (FSETO) രംഗത്തെത്തി. സംസ്ഥാനത്ത് 20,145 ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ സാധിച്ചിട്ടില്ലെന്നും എത്ര പേരെ തെരഞ്ഞെടുപ്പ് ജോലിയിൽ നിയോഗിച്ചു എന്ന കൃത്യമായ കണക്ക് പോലും കമ്മീഷൻ പുറത്തുവിട്ടിട്ടില്ലെന്നും സംഘടന ആരോപിക്കുന്നു. 96 ശതമാനത്തിലധികം ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്തിയെന്ന കമ്മീഷൻ്റെ വാദം വാസ്തവവിരുദ്ധമാണെന്നും പോളിംഗ് സാമഗ്രികൾ സ്വീകരിക്കുന്നതിൻ്റെ തലേദിവസം വരെ 40 ശതമാനം പേർക്ക് മാത്രമേ വോട്ട് ചെയ്യാനായുള്ളൂ എന്ന് കമ്മീഷൻ തന്നെ പറഞ്ഞിരുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പ് ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാർക്കും വോട്ടവകാശം വിനിയോഗിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിലേക്കും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലേക്കുമാണ് പ്രതിഷേധ മാർച്ച് നടത്തുന്നത്. ബി.എൽ.ഒമാരുടെ വേതന കുടിശ്ശിക അനുവദിക്കുക, അവർക്കെതിരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് രാവിലെ 10.30-ഓടെ മാർച്ച് ആരംഭിക്കുക. അതിനിടെ, പോസ്റ്റൽ വോട്ട് നിഷേധിക്കപ്പെട്ട സംഭവത്തിൽ കുറ്റ്യാടി മണ്ഡലത്തിലെ പത്ത് ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചു. വോട്ടെണ്ണലിന് മുൻപ് വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും.

Also read: