വി.ഡി സതീശന്‍ മത്സരിച്ച പറവൂര്‍ മണ്ഡലത്തില്‍ ഫലം വൈകിയേക്കുമെന്ന് ആശങ്ക; മേശകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ വൈകുമെന്ന് ആശങ്ക. മണ്ഡലത്തിൽ ക്രമീകരിച്ചിരിക്കുന്ന വോട്ടെണ്ണൽ മേശകളുടെ എണ്ണത്തിൽ വന്ന കുറവാണ് ഫലപ്രഖ്യാപനം നീണ്ടുപോകാൻ കാരണമാകുന്നത്. ഈ സാഹചര്യത്തിൽ വോട്ടെണ്ണൽ മേശകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.
മറ്റ് മണ്ഡലങ്ങളിൽ 14 മേശകൾ വീതം വോട്ടെണ്ണലിനായി സജ്ജമാക്കുമ്പോൾ, പറവൂരിൽ കേവലം 13 മേശകൾ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. ആലുവ യുസി കോളേജിലെ വോട്ടെണ്ണൽ ഹാളിലെ സ്ഥലപരിമിതി മൂലമാണ് മേശകളുടെ എണ്ണം കുറച്ചതെന്നാണ് വിവരം. നിലവിലെ സാഹചര്യത്തിൽ 17 പൂർണ റൗണ്ടുകളും ഒരു ഭാഗിക റൗണ്ടും എണ്ണിയാൽ മാത്രമേ ഫലപ്രഖ്യാപനം സാധ്യമാകൂ. എന്നാൽ 14 മേശകൾ ക്രമീകരിക്കാൻ കഴിഞ്ഞാൽ 12 റൗണ്ടുകൾ കൊണ്ട് വോട്ടെണ്ണൽ പൂർത്തിയാക്കാൻ സാധിക്കും.
പ്രധാന നേതാക്കൾ മാറ്റുരയ്ക്കുന്ന മണ്ഡലമായതിനാൽ വോട്ടെണ്ണൽ നീളുന്നത് വലിയ ആക്ഷേപങ്ങൾക്ക് ഇടയാക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇതിന് പരിഹാരമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ വോട്ടെണ്ണൽ യുസി കോളേജിലെ തന്നെ മറ്റൊരു ഹാളിലേക്ക് മാറ്റുന്നതിനെക്കുറിച്ചും അധികൃതർ ആലോചിക്കുന്നുണ്ട്.