04/06/2026
[fontresizer_tawhidurrahmandear_widget]

ശ്രീനാരായണ ഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദ് അന്തരിച്ചു

 ശ്രീനാരായണ ഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദ് അന്തരിച്ചു

മുനി നാരായണ പ്രസാദ്

തിരുവനന്തപുരം: ആത്മീയ ആചാര്യനും ശ്രീനാരായണ ഗുരുകുലം അധ്യക്ഷനുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെ 3.55 ഓടെയാണ് മരണം.ഹൃദയസംബന്ധവും വാർദ്ധക്യസഹജവുമായ അസുഖബാധിതനായിരുന്നു.

ഇന്ത്യന്‍ തത്ത്വചിന്തയെയും വേദാന്തത്തെയും കുറിച്ച് അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. കൂടാതെ പരമ്പരാഗത ഗ്രന്ഥങ്ങള്‍ പുതിയ തലമുറയ്ക്ക് ലഭ്യമാക്കുന്നതില്‍ അദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു. 2024ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച, മുനി നാരായണ പ്രസാദിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നിത്യചൈതന്യയതിയുടെ പ്രധാന ശിഷ്യനായിരുന്നു.

1938 ഡിസംബർ ഒമ്പതിന് തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനടുത്ത് നഗരൂരിൽ സ്കൂൾ അധ്യാപകൻ ജി. മാധവന്റെയും നാരായണിയുടെയും മകനായി ആണ് ജനനം. എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിനു ശേഷം പൊതുമരാമത്തു വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. 1958ല്‍ വര്‍ക്കല നാരായണ ഗുരുകുലത്തില്‍ അന്തേവാസിയായി ചേരുകയും 1967ല്‍ നടരാജഗുരുവില്‍ നിന്നും ബ്രഹ്മചാരീദീക്ഷ സ്വീകരിക്കുകയും ചെയ്തു. 1999-ൽ നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനായി. ഇന്ത്യൻ തത്വശാസ്ത്രം, വേദാന്തം തുടങ്ങിയ വിഷയങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി 130-ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇവയിൽ പലതും ഹിന്ദിയിലേക്കും അസമീസിലേക്കും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

ഭൗതികദേഹം ആശുപത്രിയിൽനിന്നും അദ്ദേഹത്തിന്റെ ആശ്രമമായ ശ്രീ നാരായണ ഗുരുകുലത്തിലെത്തിച്ച് പൊതുദർശനത്തിനു വെക്കും. വൈകുന്നേരം അഞ്ചു മണിയോടെ ബ്രഹ്‌മവിദ്യാമന്ദിരത്തിന് സമീപത്ത് സമാധി ഇരുത്തും.

Also read: