ഡൽഹിയിൽ ടേക്ക് ഓഫിനിടെ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു; ആറ് പേർക്ക് പരിക്ക്
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ സ്വിസ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. എൻജിൻ തകരാറിനെത്തുടർന്ന് വിമാനത്തിന് തീപിടിച്ചതോടെ യാത്രക്കാരെ അടിയന്തരമായി പുറത്തെത്തിച്ചു. ഒഴിപ്പിക്കൽ നടപടിക്കിടെ ആറു യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
പുലർച്ചെ 1.08-ന് ഡൽഹിയിൽ നിന്നും സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX 147 എന്ന എയർബസ് A330 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫ് റൺവേയിലൂടെ കുതിക്കുന്നതിനിടെ എൻജിനുകളിലൊന്നിൽ തകരാർ സംഭവിക്കുകയും തീ പടരുകയുമായിരുന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ ടേക്ക് ഓഫ് ഉടൻ ഉപേക്ഷിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
നാല് കുഞ്ഞുങ്ങൾ ഉൾപ്പെടെ 228 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അപായസൂചന ലഭിച്ചതോടെ എമർജൻസി സ്ലൈഡുകൾ വഴി യാത്രക്കാരെ അതിവേഗം പുറത്തെത്തിച്ചു. സ്ലൈഡുകളിലൂടെ താഴേക്ക് ഇറങ്ങുന്നതിനിടെയാണ് ആറുപേർക്ക് പരിക്കേറ്റത്. വിമാനത്തിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് സ്വിസ് എയർലൈൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
യാത്ര മുടങ്ങിയവർക്കായി പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയതായും സാങ്കേതിക തകരാറിനെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ സംഘം ഡൽഹിയിലെത്തുമെന്നും വിമാനക്കമ്പനി അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.