28/04/2026
[fontresizer_tawhidurrahmandear_widget]

‘വർഷങ്ങൾ ഒരുമിച്ച് താമസിച്ചു, കുട്ടിയുമായി, ശേഷം പീഡിപ്പിച്ചെന്ന് പരാതി’; ലിവിങ് ടുഗദറിലെ വിള്ളൽ എങ്ങനെ ബലാത്സംഗമാവുമെന്ന്‌ സുപ്രീം കോടതി

 ‘വർഷങ്ങൾ ഒരുമിച്ച് താമസിച്ചു, കുട്ടിയുമായി, ശേഷം പീഡിപ്പിച്ചെന്ന് പരാതി’; ലിവിങ് ടുഗദറിലെ വിള്ളൽ എങ്ങനെ ബലാത്സംഗമാവുമെന്ന്‌ സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹബന്ധത്തിന് പുറത്തുള്ള ‘ലിവിങ് ടുഗദർ’ ബന്ധങ്ങൾ തകരുന്നത് ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്ന് സുപ്രീം കോടതി. ദീർഘകാലം ഒരുമിച്ച് താമസിച്ച് കുഞ്ഞുണ്ടായ ശേഷം, ബന്ധം പിരിയുമ്പോൾ പങ്കാളിക്കെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകുന്നതിലെ നിയമപരമായ സാധുതയാണ് കോടതി ചോദ്യം ചെയ്തത്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി നൽകിയ കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ച്. പരസ്പര സമ്മതത്തോടെയും പൂർണ്ണ ഇഷ്ടത്തോടെയും ഒരുമിച്ച് ജീവിക്കുകയും ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്ത ശേഷം പിന്നീട് എങ്ങനെയാണ് പങ്കാളിക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിക്കാൻ കഴിയുകയെന്ന് കേസ് പരിഗണിക്കവെ കോടതി ചോദിച്ചു.

ലിവിങ് ടുഗതർ ബന്ധങ്ങളിൽ ഏർപ്പെടുന്നവർ അതിലെ അപകടസാധ്യതകൾ കൂടി മനസ്സിലാക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം ബന്ധങ്ങളിൽ ഇരുവർക്കും എപ്പോൾ വേണമെങ്കിലും ഒരുമിച്ച് ജീവിക്കാനും അതുപോലെ തന്നെ എപ്പോൾ വേണമെങ്കിലും പിരിഞ്ഞുപോകാനും സ്വാതന്ത്ര്യമുണ്ട്. അതിനാൽ തന്നെ നിയമപരമായ ഒരു വിവാഹത്തിൽ ലഭിക്കുന്ന സുരക്ഷിതത്വമോ പരിരക്ഷയോ ഇത്തരം ബന്ധങ്ങളിൽ പങ്കാളികൾക്ക് ലഭിക്കില്ല.

കൃത്യമായ നിയമപരിരക്ഷയില്ലാത്ത ഇത്തരം ബന്ധങ്ങളിൽ നിന്ന് പിരിഞ്ഞു പോകുമ്പോൾ അതിനെ ബലാത്സംഗമായി വ്യാഖ്യാനിക്കുന്നത് ശരിയായ നടപടിയല്ല. ഇവർ നിയമപരമായി വിവാഹം കഴിച്ചിരുന്നെങ്കിൽ യുവതിക്ക് കൂടുതൽ നിയമപരിരക്ഷ ലഭിക്കുമായിരുന്നുവെന്നും, എന്നാൽ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ ഉണ്ടാകാനിടയുള്ള ഇത്തരം പ്രത്യാഘാതങ്ങളെക്കുറിച്ച് മുൻകൂട്ടി ബോധ്യമുണ്ടാകണമെന്നും കോടതി ഓർമ്മിപ്പിച്ചു.

അതേസമയം, ലിവിങ് ടുഗതർ ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് കോടതി വളരെ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പങ്കാളികൾ തമ്മിലുള്ള ബന്ധം നിയമപരമല്ലെങ്കിലും ഇത്തരം ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടിക്ക് നിയമത്തിന് മുൻപിൽ പൂർണ്ണമായ അവകാശങ്ങളും പരിരക്ഷയുമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതിനാൽ കുട്ടിയുടെ സംരക്ഷണത്തിനും ദൈനംദിന ചിലവുകൾക്കുമായി പിതാവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ മാതാവിന് പൂർണ്ണ അവകാശമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പങ്കാളിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി ക്രിമിനൽ നടപടികളിലേക്ക് കടക്കുന്നതിന് പകരം കുട്ടിയുടെ അവകാശങ്ങൾക്കായി ജീവനാംശം തേടുകയോ മറ്റ് നിയമനടപടികൾ സ്വീകരിക്കുകയോ ആണ് വേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Also read: