‘ഹിന്ദി പോലും അറിയാതെയാണോ സീതയാകുന്നത്?’ സായ് പല്ലവിക്ക് സൈബർ ആക്രമണം
നടി സായ് പല്ലവിക്ക് സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളും വിമർശനവും. പുതിയ ചിത്രം ‘ഏക് ദിൻ’ പ്രൊമോഷൻ പരിപാടിക്കിടെ ഹിന്ദി സംസാരിക്കാൻ നടി ബുദ്ധിമുട്ടിയതാണ് ചിലരെ അലോസരപ്പെടുത്തിയത്. മുബൈയിൽ നടന്ന ‘എക് ദിൻ കി മെഹ്‌ഫിൽ’ എന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം.
തനിക്ക് ഹിന്ദി അത്ര നന്നായി അറിയില്ല എന്ന് അതിഥികളെയും മാധ്യമ പ്രവർത്തകരേയും അഭിസംബോധന ചെയ്യവേ താരം തുറന്നു സമ്മതിച്ചിരുന്നു. ഈ വീഡിയോ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ താരത്തെ ട്രോൾ ചെയ്യാൻ തുടങ്ങിയത്. നിതേഷ് തിവാരി ഒരുക്കുന്ന ‘രാമായണ’യിൽ സീതയുടെ വേഷത്തിൽ എത്തുന്ന നടി എന്ന നിലയ്‌ക്കാണ് പല വിമർശനങ്ങളും.
“അടിസ്ഥാനപരമായ ഹിന്ദി വാക്കുകൾ പോലും സംസാരിക്കാൻ അറിയാത്ത നടിയാണോ ‘രാമായണ’യിൽ സീതയുടെ വേഷം ചെയ്യുന്നത്?” എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. നിതേഷ് തിവാരിയുടെ കാസ്റ്റിങ് മോശമാണെന്നും 4000 കോടി ബജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഹിന്ദി അറിയാത്ത ഒരാളെ അഭിനയിപ്പിക്കുന്നത് ശരിയല്ലെന്നും ചിലർ എക്സിൽ കുറിച്ചു. സിനിമയിൽ സായ് പല്ലവി സ്വന്തം ശബ്ദമാണോ ഉപയോഗിക്കുക അതോ ഡബ്ബിങ് ആയിരിക്കുമോ എന്നാണ് മറ്റൊരു കൂട്ടർക്ക് അറിയേണ്ടത്.
അതേസമയം, ഒരു അഭിനേതാവിന് എല്ലാം ഭാഷകളും അറിഞ്ഞുകൊള്ളണമെന്നില്ലെന്നും, ഡയലോഗുകൾ മനപ്പാഠമാക്കി മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള കഴിവാണ് പ്രധാനമെന്നും സായ്‌യുടെ ആരാധകർ പറയുന്നു.