‘അവധി വേണമെങ്കിൽ അസുഖം നേരിട്ട് ബോധ്യപ്പെടുത്തണം’; ബിഹാറിൽ ഐവി ഡ്രിപ്പുമായി ജോലിക്കെത്തി അംഗൻവാടി ജീവനക്കാരി
പട്‌ന: അസുഖം കാരണം അവധി ചോദിച്ച അംഗൻവാടി ജീവനക്കാരിയോട് നേരിട്ടെത്തി ബോധ്യപ്പെടുത്താൻ ആവശ്യപ്പെട്ട് അധികൃതർ. ബിഹാറിലെ കട്ടിഹാറിലാണ് സംഭവം. ഐവി ഡ്രിപ്പുമായി വിറച്ചുകൊണ്ട് ജീവനക്കാരി ജോലിക്കെത്തുന്ന ദൃശ്യങ്ങൾ വയറലായതോടെയാണ് ഈ ക്രൂരത പുറം ലോകമറിഞ്ഞത്. ഉത്തർപ്രദേശിൽ നിന്നുള്ള പ്രമുഖ മാധ്യമ പ്രവർത്തകനായ രൺവിജയ് സിങ് അടക്കമുള്ളവർ ഇവരുടെ വീഡിയോ എക്‌സിൽ പങ്കുവെച്ചു. അംഗൻവാടി ജീവനക്കാരിയോടുള്ള അധികൃതരുടെ ഈ പ്രവൃത്തി സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.
അവധി ചോദിച്ചപ്പോൾ അസുഖം നേരിട്ട് വന്ന് ബോധ്യപ്പെടുത്താൻ മേലധികാരികൾ ആവശ്യപ്പെട്ടെന്നും, ഇതേത്തുടർന്ന് കയ്യിൽ ഐ.വി ഡ്രിപ്പുമായി ഭർത്താവിന്റെ സഹായത്തോടെ വിറച്ചുകൊണ്ട് ഇവർ ജോലിക്ക് എത്തിയെന്നുമാണ് വിവരം. ഈ ദൃശ്യങ്ങൾ നിരവധി ദേശീയ മാധ്യമങ്ങൾ വാർത്തയാക്കിയിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ പ്രാദേശിക അധികൃതരുടെ ഔദ്യോഗി പ്രതികരണമോ നടപടികളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സാധാരണഗതിയിൽ അസുഖബാധിതരായാൽ രജിസ്റ്റർ ചെയ്ത ഒരു ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയാണ് അവധി ലഭിക്കാനുള്ള ഔദ്യോഗിക നടപടിക്രമം. എന്നാൽ ഈ വീഡിയോ പുറത്തുവന്നതോടെ അടിസ്ഥാന ആരോഗ്യ പ്രവർത്തകരോടുള്ള അധികാരികളുടെ ക്രൂരമായ സമീപനത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
കുട്ടികളുടെയും ഗർഭിണികളുടെയും ആരോഗ്യപരിപാലനത്തിലും പോഷകാഹാര വിതരണത്തിലും നിർണ്ണായക പങ്കുവഹിക്കുന്നവരാണ് അംഗൻവാടി ജീവനക്കാർ. തുച്ഛമായ വേതനവും അമിതമായ ജോലിഭാരവും അവധി ലഭിക്കാനുള്ള ബുദ്ധിമുട്ടുകളും ഇവർ നേരിടുന്ന പ്രധാന പ്രതിസന്ധികളാണെന്ന് വിവിധ സർക്കാർ റിപ്പോർട്ടുകളും യൂണിസെഫും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത്തരം പ്രശ്‌നങ്ങൾ രൂക്ഷമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.