‘പഴ്സെടുക്കുമ്പോൾ പേടി, നിരന്തരമായ വഞ്ചന’; ഡൽഹിയിൽ നേരിട്ട ചതിക്കുഴികളെ കുറിച്ച് കനേഡിയൻ ടൂറിസ്റ്റിന്റെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ യാത്രാനുഭവങ്ങളെക്കുറിച്ച് കനേഡിയൻ വ്ലോഗർ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു. @jetlagwarriors എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ സ്റ്റീവ് എന്ന സഞ്ചാരിയാണ് ഡൽഹിയിൽ താൻ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞത്. നഗരത്തിലെ നിരന്തരമായ തട്ടിപ്പുകളും ആളുകളുടെ സത്യസന്ധതയില്ലാത്ത പെരുമാറ്റവും തന്നെ വല്ലാതെ മടുപ്പിച്ചുവെന്ന് അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നു.
“ഓരോ തവണ പഴ്സെടുക്കുമ്പോഴും ഞാൻ വഞ്ചിക്കപ്പെട്ടുകൊണ്ടിരുന്നു” എന്നാണ് സ്റ്റീവ് തന്റെ വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്. ഓരോ ദിവസവും തന്നെ കബളിപ്പിക്കാൻ ആരെങ്കിലുമൊക്കെ ശ്രമിച്ചിരുന്നതായും, നുണകൾ പിടിക്കപ്പെടുമ്പോൾ ഒരു കുറ്റബോധവുമില്ലാതെ ചിരിച്ചുകൊണ്ട് അത് സമ്മതിക്കുന്ന രീതി തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. ഈ അനുഭവങ്ങൾ കാരണം ഇന്ത്യയിലേക്ക് ഇനി മടങ്ങിവരില്ലെന്ന് വരെ താൻ കരുതിയതാണെന്ന് സ്റ്റീവ് വെളിപ്പെടുത്തി.
എന്നാൽ ഡൽഹിയിലെ അനുഭവങ്ങൾ കൊണ്ട് മാത്രം ഇന്ത്യയെ മുഴുവനായി എഴുതിത്തള്ളാൻ സ്റ്റീവ് തയ്യാറല്ല. ദക്ഷിണേന്ത്യ വ്യത്യസ്തമായ അനുഭവം നൽകുമെന്ന് ഭാര്യ വിശ്വസിക്കുന്നുണ്ടെന്നും, കോമഡി താരം റസ്സൽ പീറ്റേഴ്‌സിനെ കണ്ടത് ഇന്ത്യയ്ക്ക് ഒരു അവസരം കൂടി നൽകാൻ തനിക്ക് പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞു. ദമ്പതികൾ അടുത്തതായി മുംബൈ സന്ദർശിക്കാനുള്ള തയ്യാറെടുപ്പിലാണ്.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള തർക്കങ്ങളാണ് നടക്കുന്നത്. സ്റ്റീവിനെ അനുകൂലിച്ച് നിരവധി വിദേശസഞ്ചാരികൾ എത്തിയപ്പോൾ, ഇന്ത്യയെക്കുറിച്ച് മോശം ചിത്രം പ്രചരിപ്പിക്കാനാണ് സ്റ്റീവ് ശ്രമിക്കുന്നതെന്ന വിമർശനവുമായി മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.