02/05/2026
[fontresizer_tawhidurrahmandear_widget]

നിങ്ങൾക്കും കിട്ടിയോ ആ അലെർട്ട്? കേന്ദ്രം നൽകുന്ന ‘അതിഗുരുതര മുന്നറിയിപ്പ്’ എന്ത്?

 നിങ്ങൾക്കും കിട്ടിയോ ആ അലെർട്ട്? കേന്ദ്രം നൽകുന്ന ‘അതിഗുരുതര മുന്നറിയിപ്പ്’ എന്ത്?

ന്യൂഡൽഹി: നിങ്ങളുടെ മൊബൈൽ ഫോണുകളിൽ ‘അതിഗുരുതര മുന്നറിയിപ്പ്’ എന്ന ഒരു സന്ദേശം വന്നോ? പരിഭ്രാന്തരാവേണ്ട. അടിയന്തിര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായി കേന്ദ്രസർക്കാർ വികസിപ്പിച്ചെടുത്ത ‘സെൽ ബ്രോഡ്കാസ്റ്റ് അലർട്ട്’ സിസ്റ്റത്തിന്റെ പരിശോധനയുടെ ഭാഗമാണ് ഈ സന്ദേശം. ദുരന്ത സാഹചര്യങ്ങളിൽ ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പ് നൽകാനുള്ള സംവിധാനത്തിന്റെ പ്രവർത്തനം കൃത്യമാണെന്ന് ഉറപ്പിക്കാനും ജനങ്ങളെ ഈ ഒരു സംവിധാനത്തെ കുറിച്ച് അറിയിക്കാനുമാണ് ഈ പരീക്ഷണം.

ഇന്ന് രാവിലെ മുതൽ ഇന്ത്യയിലുടനീളമുള്ള നിരവധി ആളുകളുടെ മൊബൈൽ ഫോണുകളിൽ വലിയ ശബ്ദത്തോടെ ഒരു പോപ്പ്അപ്പ് സന്ദേശമായിട്ടാണ് ദുരന്ത മുന്നറിയിപ്പ് ട്രയൽ നടത്തിയത്. പെട്ടെന്നുള്ള ശബ്ദവും സന്ദേശവും കണ്ട് പലരും പരിഭ്രാന്തരായെങ്കിലും, ഇത് സംവിധാനത്തിന്റെ ഒരു പരീക്ഷണം മാത്രമാണെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (എൻഡിഎംഎ) ടെലികോം വകുപ്പും സംയുക്തമായാണ് ഈ പുതിയ സെൽ ബ്രോഡ്കാസ്റ്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഭൂകമ്പം, പ്രളയം, സുനാമി തുടങ്ങിയ പ്രകൃതിദുരന്തങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ ജനങ്ങൾക്ക് വളരെ വേഗത്തിൽ മുന്നറിയിപ്പ് നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു പ്രത്യേക പ്രദേശത്തെ മുഴുവൻ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം ഇന്റർനെറ്റ് ഇല്ലാതെ തന്നെ സന്ദേശം അയക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും.

ഫോണുകളിൽ ലഭിക്കുന്ന ഈ പരീക്ഷണ സന്ദേശങ്ങളോട് പൊതുജനങ്ങൾ യാതൊരു രീതിയിലും പ്രതികരിക്കേണ്ട ആവശ്യമില്ല. ദുരന്തസമയങ്ങളിൽ കൃത്യമായ വിവരങ്ങൾ അതിവേഗം ജനങ്ങളിലെത്തിക്കാനും സുരക്ഷ ഉറപ്പാക്കാനും നിർമ്മിച്ച ഈ സംവിധാനം പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്.

Also read: